നഴ്സിംഗ് ഓഫീസര്‍ യോഗ്യതാ ഭേദഗതി: സര്‍ക്കാര്‍ പിന്തിരിയണമെന്ന്
1481748
Sunday, November 24, 2024 7:24 AM IST
കോട്ടയം: സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സിംഗ് ഓഫീസര്‍ തസ്തികയ്ക്കുവേണ്ട അടിസ്ഥാന യോഗ്യതകളില്‍ ഭേദഗതി വരുത്താനുള്ള നീക്കം ആരോഗ്യരംഗത്തെ നശിപ്പിക്കുമെന്നും സര്‍ക്കാര്‍ ഇത്തരം നീക്കത്തില്‍നിന്നു പിന്തിരിയണമെന്നും കെജിഎന്‍യു ജില്ലാ പ്രസിഡന്റ് വിബിന് ചാണ്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സിംഗ് ഓഫീസര്‍ തസ്തികയ്ക്കുവേണ്ട അടിസ്ഥാന യോഗ്യത ജിഎന്‍എം, ബിഎസ്സി നഴ്സിംഗ്, എംഎസ്സി നഴ്സിംഗ് എന്നിവയാണ്. കൂടാതെ സംസ്ഥാന നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും ഉദ്യോഗാര്‍ഥികള്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയത്തില്‍ പ്ലസ് ടു തലത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കില്‍ പരീക്ഷ പാസാകണം.
ഇതില്‍ ഭേദഗതി വരുത്തി പ്ലസ് ടു തലത്തില്‍ ഇഷ്ടമുള്ള ഐശ്ചിക വിഷയം പാസായാല്‍ മതി എന്നുള്ള തരത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഇത്തരത്തില്‍ അടിസ്ഥാന യോഗ്യതയില്‍ മാറ്റം വരുത്തുന്നത് ആതുര സേവനരംഗത്തിന്റെ കാര്യക്ഷമതയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.