വൈക്കത്തഷ്ടമി ഇന്ന്
1481461
Saturday, November 23, 2024 7:26 AM IST
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന് ആഘോഷിക്കും. ഇന്ന് പുലർച്ചെ 3.30ന് നട തുറന്ന് ഉഷഃപൂജയ്ക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30നാണ് അഷ്ടമി ദർശനം.
ശ്രീകോവിലിലെ വെള്ളിവിളക്കുകളിലെ നെയ്ത്തിരി ദീപങ്ങൾ കൂപ്പുകയ്യായി ഉയരുന്ന ധന്യമുഹൂർത്തത്തിൽ സർവ്വാഭരണ വിഭൂഷിതനായ ശ്രീവൈക്കത്തപ്പന്റെ മോഹനരൂപം ദർശിച്ചൂ സായൂജ്യം നേടാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്.
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ആൽത്തറയിൽ തപസനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതി സമേതനായി ദർശനം നല്കി ദുഖഃവിമോചനവും അഭീഷ്ടസിദ്ധി വരവും നല്കി അനുഗ്രഹിച്ചതിന്റെ അനുസ്മരണയ്ക്കായാണ് അഷ്ടമി കൊണ്ടാടുന്നത്. കാർത്തിക മാസത്തിലെ പുണ്യമുഹൂർത്തമാണ് വൈക്കത്തഷ്ടമിയായി ആഘോഷിക്കുന്നത്.
ഈ സുദിനത്തിൽ വൈക്കത്തപ്പനെ ദർശിക്കുന്ന ഭക്തർക്കു സകലവിധ ഐശ്വര്യങ്ങളും നല്കി അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. കുളിച്ച് ഈറനായി പഞ്ചാക്ഷരി മന്ത്രജപത്തോടെ പ്രാർഥനാനിരതരായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തും.
അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ സവിധത്തിൽ ഇന്ന് 121 പറ അരിയുടെ പ്രാതലാണ് ഒരുക്കുന്നത്. ഇന്നു രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെ ഊട്ടുപുരയുടെ ഇരുനിലകളിലുമായി പ്രാതൽ നല്കും.
അഷ്ടമിയിൽ ഇന്ന്
വൈക്കത്തഷ്ടമി ദിനമായ ഇന്ന് രാവിലെ 4.30ന് അഷ്ടമി ദർശനം. അഞ്ചിന് പഞ്ചരത്ന കീർത്തനാലാപനം, ഏഴിന് നാമസങ്കീർത്തനം, എട്ടിന് സംഗീത സദസ്, ഒന്പതിന് നാഗസ്വര കച്ചേരി, ഉച്ചയ്ക്ക് ഒന്നിന് ഇടനാട് രാജൻ നമ്പ്യാരുടെ ചാക്യാർ കൂത്ത്, രണ്ടിന് ഗോപിക ജി.നായരുടെ ഓട്ടൻതുള്ളൽ, മൂന്നിന് ഭക്തിഗാനമഞ്ജരി, നാലിന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതസദസ്, വൈകുന്നേരം ആറിന് നടക്കുന്ന ഹിന്ദുമത കൺവൻഷൻ ഹൈക്കോടതി ജസ്റ്റിസ്.എസ്. ഈശ്വരൻ ഉദ്ഘാടനം ചെയ്യും.
7.30ന് ഭരതനാട്യം, ഒൻപതിന് ചെന്നൈ രാമകൃഷ്ണ മൂർത്തിയുടെ സംഗീത സദസ്, രാത്രി 11ന് ഉദയനാപുരത്തപ്പന്റെ വരവ്, അഷ്ടമി വിളക്ക് വലിയ കാണിക്ക, പുലർച്ചെ 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്.