കോഴാ ജില്ലാ കൃഷിത്തോട്ടത്തിൽനിന്ന് കർഷകരെത്തേടി വിത്തുവണ്ടി വീടുകളിലേക്ക്
1481646
Sunday, November 24, 2024 5:53 AM IST
കുറവിലങ്ങാട്: അടുക്കളത്തോട്ടമടക്കമുള്ള കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇനി വിത്തിനങ്ങൾ നോക്കി അലയേണ്ട. നിങ്ങളുടെ അരികിലേക്ക് വിവിധയിനം വിത്തുമായി ജില്ലാ കൃഷിത്തോട്ടത്തിൽനിന്നു വാഹനമെത്തും. മൊബൈൽ സെയിൽസ് കൗണ്ടർ എന്ന പേരിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്.
ഗുണമേന്മയുള്ള നടീൽവസ്തുക്കൾ സർക്കാർ നിരക്കിൽ പൊതുജങ്ങൾക്ക് ലഭ്യമാക്കുന്നതിലൂടെ കൂടുതലാളുകളെ ഫാമിന്റെ ഗുണഭോക്താക്കളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഫാം സൂപ്രണ്ട് പറഞ്ഞു. കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫിസർ ജോ ജോസ്, ജില്ലാ കൃഷിത്തോട്ടം കോഴാ ഫാം സൂപ്രണ്ട് ഹണി ലിസ ചാക്കോ എന്നിവർ മൊബൈൽ സെയിൽസ് കൗണ്ടറിന്റെ തുടർ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.
പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എം. മാത്യു, നിർമല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, ഷോൺ ജോർജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.പി. ശോഭ, കൃഷി അസി. ഡയറക്ടർ ജോ പൈനാപ്പള്ളി, കൃഷി ഓഫീസർമാരായ വി. വിദ്യ, അലൻ സി. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.