ചങ്ങനാശേരിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറുന്നു
1481485
Saturday, November 23, 2024 7:41 AM IST
ചങ്ങനാശേരി: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ചങ്ങനാശേരിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറുന്നു. ആദ്യഘട്ടമായി സര്‍ക്കാര്‍ മാര്ഗരേഖയ്ക്കനുസരിച്ച് ഹരിതചട്ടം പാലിക്കുന്നുവെന്ന് സര്‍വേപ്രകാരം കണ്ടെത്തിയ സ്ഥാപനങ്ങളുടെ ഹരിത ഓഫീസ് പ്രഖ്യാപനം നടത്തി.
ചങ്ങനാശേരി നഗരസഭ ഓഫീസ്, ജനറല്‍ ആശുപത്രി ഓഫീസ്, കുടുംബശ്രീ ഓഫീസ്, അസിസ്റ്റന്റ് എഡ്യുക്കേഷന്‍ ഓഫീസ്, ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ടൗണ്‍ എല്‍പിഎസ്, ഗവൺമെന്റ് ഹൈസ്കൂള്‍, ഗവൺമെന്റ് മുഹമ്മദന്‍സ് യുപി സ്കൂള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഹരിത സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഹെല്ത്ത്കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. നിസാര്‍, കൗണ്‍സിലര്‍ ബെന്നി ജോസഫ്, ക്ലീന്‍ സിറ്റി മാനേജര്‍ എം. മനോജ് എന്നിവര്‍ പ്രസംഗിച്ചു.