നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
1481452
Saturday, November 23, 2024 7:26 AM IST
ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലാണ് മെത്രാഭിഷേക ശുശ്രൂഷകള്‍ നടക്കുന്നത്. വത്തിക്കാനില്നിന്നെത്തുന്നവരുള്പ്പെടെ കര്‍ദിനാള്‍മാരും മെത്രാന്മാര്ക്കും വൈദികര്‍ക്കും മാര്‍ കൂവക്കാട്ടിന്റെ ബന്ധുക്കള്‍ക്കും മാത്രമേ പള്ളിക്കുള്ളിലിരുന്ന് ശുശ്രൂഷകളില്‍ പങ്കെടുക്കാനുള്ള ക്രമീകരണങ്ങളുള്ളു.
പള്ളിയങ്കണത്തില്‍ അയ്യായിരത്തോളം പേര്‍ക്ക് ഇരുന്ന് ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള പന്തല്‍ സജ്ജമായിട്ടുണ്ട്. ശുശ്രൂഷകള്‍ ഡിജിറ്റല്‍ സ്ക്രീനുകളില്‍ കാണാനുള്ള ക്രമീകരണങ്ങള്‍ പന്തലില്‍ ഒരുക്കിയിട്ടുണ്ട്.
വൈദികനായിരിക്കെ കര്‍ദിനാളായി ഉയര്‍ത്തപ്പെട്ട മാര്‍ കൂവക്കാട്ടിന്റെ മെത്രാഭിഷേകം ഭാരതസഭയ്ക്കും ചങ്ങനാശേരി അതിരൂപതയ്ക്കും ആഹ്ലാദധന്യമാകുന്ന നിമിഷം ആഘോഷമാക്കാനുള്ള ഒരുക്കങ്ങളാണ് അതിരൂപതയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്നത്.
സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ മെത്രാപ്പോലീത്തന്‍ പള്ളി വരെയും പള്ളിയങ്കണത്തിലും പേപ്പല്‍ പതാകയുടെ നിറമുള്ള കൊടിതോരണങ്ങള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി,
മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, മെത്രാപ്പോലീത്തന്‍പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ഫാ. തോമസ് കറുകക്കളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികളാണ് പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മാര്‍ കൂവക്കാട്ട് എത്തിച്ചേര്‍ന്നു; ഇന്ന് വൈകുന്നേരം റംശ പ്രാര്‍ഥന
നാളെ മെത്രാഭിഷിക്തനാകുന്ന നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് ഇന്നലെ ഉച്ചയോടെ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ എത്തിച്ചേര്‍ന്നു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.
മെത്രാഭിഷേക ചടങ്ങിനു മുന്നോടിയായി ഇന്നു വൈകുന്നേരം 5.30ന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ റംശാ പ്രാര്‍ഥന നടക്കും. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും. വൈദികര്‍, സന്യാസ്തര് തുടങ്ങിയ വിശ്വാസസമൂഹം പങ്കെടുക്കും.
പാര്‍ക്കിംഗ് ക്രമീകരണം
വിഐപി വാഹന പാര്‍ക്കിംഗ്
കത്തീഡ്രല്‍ പള്ളിയുടെ ഗ്രൗണ്ടില്‍ വിശിഷ്ടാതിഥികളുടെ (വിഐപി) വാഹനങ്ങള്‍ക്കു മാത്രമാണ് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. (ഏകദേശം 80 വാഹനങ്ങള്‍)
വൈദികര്‍ക്കും സിസ്റ്റേഴ്സിനും
കാറുകളില്‍ വരുന്ന വൈദികര്‍, സിസ്റ്റേഴ്സ് എന്നിവര്‍ എസ്ബി കോളജിന്റെ ഗേറ്റ് നമ്പര്‍ ഒന്ന്, രണ്ട് വഴി പ്രവേശിച്ച് ടവര്‍ ബ്ലോക്കിന്റെ മുന്‍വശങ്ങളില്‍ വാഹനം പാര്‍ക്കു ചെയ്ത് അവിടെനിന്നു ക്രമീകരിച്ചിരിക്കുന്ന ട്രാവലറില്‍ കയറി കത്തീഡ്രല്പള്ളിയിലേക്കു പോകേണ്ടതാണ്.
ഇടവകകളിൽ നിന്നു വരുന്ന വാഹനങ്ങൾ
ചങ്ങനാശേരി വാഴൂര്‍ റോഡിലൂടെ വരുന്ന മണിമല, നെടുംകുന്നം, കുറുമ്പനാടം ഫൊറോനകളിലെ വാഹനങ്ങള്‍ റെയില്‍വേ ബൈപാസില്‍നിന്നു വലതുവശത്തേക്കു തിരിഞ്ഞും കവിയൂര്‍ റോഡുവഴി വരുന്ന തൃക്കൊടിത്താനം ഫൊറോനയിലെ വാഹനങ്ങള്‍ എസ്എച്ച് സ്കൂള്‍ ജംഗ്ഷനില്‍നിന്നും വലത്തേക്ക് തിരിഞ്ഞും പാലാത്ര ബൈപാസ് വഴി എംസി റോഡില്‍ ഇറങ്ങി മധുമൂല വഴി എസ്ബി കോളജ് ഗേറ്റ് നമ്പര്‍ ഒന്ന്, രണ്ട് വഴി പ്രവേശിച്ച് കാവുകാട്ട് ഹാളിന്റെ മുന്‍പിലുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
അവിടെനിന്ന് ആളുകള്‍ പഴയ കരിക്കിനേത്തിന്റെ (ഇപ്പോഴത്തെ മാക്സ്) മുന്പില്കൂടിയുള്ള റോഡിലൂടെ കത്തീഡ്രല്‍ പള്ളിയിലേക്ക് നടന്നുപോകുന്നു.
കോട്ടയം ഭാഗത്തുനിന്ന് എംസി റോഡിലൂടെ വരുന്ന അതിരമ്പുഴ, കോട്ടയം, കുടമാളൂര്‍, തുരുത്തി എന്നീ ഫൊറോനകളിലെ വാഹനങ്ങള്‍ മധുമൂലവഴിവന്ന് ഓക്സിജന്‍ ഷോറൂമിനോടു ചേര്‍ന്നുള്ള എസ്ബി കോളജിന്റെ ഗേറ്റ്നമ്പര്‍ മൂന്നിലൂടെ പ്രവേശിച്ച് എസ്ബി കോളജിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ചുറ്റുവട്ടങ്ങളിലായി പാര്‍ക്കുചെയ്യുകയും ആളുകള്‍ പഴയ കരിക്കിനേത്തിന്റെ (ഇപ്പോഴത്തെ മാക്സ്) മുന്പില്കൂടിയുള്ള റോഡിലൂടെ കത്തീഡ്രല്പള്ളിയിലേക്ക് നടന്നുപോവുകയും ചെയ്യേണ്ടതാണ്.
കുട്ടനാട്ടില്‍നിന്നു വരുന്ന വാഹനങ്ങള്‍
കുട്ടനാട്ടില്‍നിന്നു എസി റോഡിലൂടെ വരുന്ന പുളിങ്കുന്ന്, ചമ്പക്കുളം, ആലപ്പുഴ, മുഹമ്മ എന്നീ ഫൊറോനകളിലെ വാഹനങ്ങള്‍ പുഴവാത് കുരിശടിയില്‍നിന്ന് ഇടതുവശത്തേക്ക് തിരിഞ്ഞ് മീന്‍ചന്ത, വെജിറ്റബിള്‍ മാര്‍ക്കറ്റ്, കൊച്ചുപള്ളിയുടെ മുന്‍വശം, വണ്ടിപ്പേട്ട എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യുകയും അവിടെനിന്ന് ആളുകള്‍ കത്തീഡ്രല്പള്ളിയിലേക്കു നടന്നുപോവുകയും ചെയ്യേണ്ടതാണ്.
തിരുവനന്തപുരം, കൊല്ലം മേഖലകള്‍
തിരുവനന്തപുരം ഭാഗത്തുനിന്നും എടത്വായില്നിന്നും എംസി റോഡിലൂടെ വരുന്ന അമ്പൂരി, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, എടത്വ ഫൊറോനകളിലെ വാഹനങ്ങള്‍ പെരുന്ന പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍വഴി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ മുന്‍വശത്തുനിന്ന് ഇടത്തേക്കുതിരിഞ്ഞ് റവന്യൂ ടവറിന്റെ പാര്‍ക്കിംഗ് സ്ഥലത്തും ചുറ്റുവട്ടങ്ങളലും പാര്‍ക്കുചെയ്യുകയും അവിടെനിന്ന് ആളുകള്‍ കത്തീഡ്രല്പള്ളിയിലേക്ക് നടന്നുപോവുകയും ചെയ്യേണ്ടതാണ്.
ചങ്ങനാശേരി ഫൊറോന
ചങ്ങനാശേരി ഫൊറോനയിലെ പള്ളികളില്നിന്നുവരുന്ന വാഹനങ്ങള്‍ എസ്ബി കോളജിന്റെ എതിര്‍വശത്തുള്ള മുന്‍സിപ്പല്‍ ടൗണ്‍ഹാളിന്റെ പാര്‍ക്കിംഗ് ഏരിയായിലും സൈഡിലുമായി പാര്‍ക്കുചെയ്യുകയും അവിടെനിന്ന് ആളുകള്‍ പഴയ കരിക്കിനേത്തിന്റെ (ഇപ്പോഴത്തെ മാക്സ്) മുന്പില്കൂടിയുള്ള റോഡിലൂടെ കത്തീഡ്രല്പള്ളിയിലേക്ക് നടന്നുപോവുകയും ചെയ്യേണ്ടതാണ്.
ടൂവീലര്‍ പാര്‍ക്കിംഗ്
എല്ലാ ഫൊറോനകളില്‍നിന്നും ടൂവീലറുകളില്‍ വരുന്നവര്‍ പഴയ കരിക്കിനേത്തിന്റെ (ഇപ്പോഴത്തെ മാക്സ്) മുന്പില്കൂടിയുള്ള റോഡില്‍ പ്രവേശിച്ച് ഇടിമണ്ണിക്കല്‍ ജൂവലേഴ്സിന്റെ പാര്‍ക്കിംഗ് ഏരിയായിലും അസീസി ബുക്ക്സ്റ്റാളിന്റെ പാര്‍ക്കിംഗ് ഏരിയായിലും പാര്‍ക്കുചെയ്യുകയും അവിടെനിന്ന് ആളുകള്‍ കത്തീഡ്രല്‍ പള്ളിയിലേക്കു നടന്നുപോവുകയും ചെയ്യേണ്ടതാണ്.