അയ്യപ്പഭക്തരുടെ പണം മോഷ്ടാക്കൾ കവർന്നു : പോലീസുണ്ട്, കാമറകളും; മോഷ്ടിക്കപ്പെട്ടത് ഒന്നേകാൽ ലക്ഷം
1481340
Saturday, November 23, 2024 5:37 AM IST
എരുമേലി: ശബരിമല തീർഥാടനകാലം മുൻനിർത്തി വൻ സുരക്ഷയിലായ എരുമേലി ടൗണിൽ പോലീസിന്റെയും കാമറകളുടെയും കണ്ണുകൾ വെട്ടിച്ച് അയ്യപ്പഭക്തരുടെ പണം മോഷ്ടാക്കൾ കവർന്നു. സംഭവം പുറത്തറിയിക്കാതെ പോലീസ് രഹസ്യമാക്കിയെന്നും പരാതി ലഭിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്നും പരാതിക്കു രസീത് നൽകിയില്ലെന്നും ആക്ഷേപം.
അഞ്ചു ദിവസം മുമ്പ് വലിയമ്പലത്തിനു മുന്നിലെ കുളിക്കടവിൽ രാത്രിയിലാണ് ഒരു അയ്യപ്പ ഭക്തന്റെ 60000 രൂപ മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തിന് സമീപം ക്ഷേത്രത്തിൽ സോപാനത്തേക്ക് പ്രവേശിക്കുകയായിരുന്ന ഒരു അയ്യപ്പ ഭക്തന്റെ 65000 രൂപ മോഷ്ടാവ് കവർന്നു. രാത്രിയിലും പകലും ഉൾപ്പടെ സദാസമയവും പോലീസുകാർ ഡ്യൂട്ടിയിലുള്ള ഭാഗങ്ങളാണ് രണ്ടു സ്ഥലവും.
ഒപ്പം ക്ലോസ്ഡ് സർക്യൂട്ട് കാമറകളിൽ 24 മണിക്കൂറും ദൃശ്യങ്ങൾ പകർത്തുന്നുമുണ്ട്. എന്നിട്ടും അതി വിദഗ്ധമായി മോഷണം നടന്നത് ഞെട്ടിപ്പിക്കുന്നതാണ്. സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങൾ പ്രദേശത്ത് പല ഭാഗത്തും മുന്നറിയിപ്പായി പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും വിവിധ ഭാഷകളിൽ മൈക്കിലൂടെ അനൗൺസ്മെന്റുമുണ്ട്.
കുളിക്കടവിന് അടുത്ത് ഉയരമേറിയ ടവറിലൂടെ പോലീസ് നിരീക്ഷണവുമുണ്ട്. രണ്ട് സംഭവത്തിലും പണം നഷ്ടപ്പെട്ടത് തമിഴ്നാട് സ്വദേശികളായ അയ്യപ്പ ഭക്തരുടെയാണ്. പണം മോഷണം പോയ ഉടനെ സ്ഥലത്ത് കാവൽ ഡ്യൂട്ടിയിലുള്ള പോലീസുകാരെ അയ്യപ്പ ഭക്തർ വിവരം അറിയിച്ചിരുന്നു. തുടർന്ന് പ്രദേശമാകെ പോലീസ് പരതിയിട്ടും മോഷ്ടാക്കളെ കണ്ടെത്താനായില്ല.
മോഷ്ടിച്ച ശേഷം പണം മോഷണ സംഘത്തിലെ മറ്റ് ആളുകൾക്ക് കൈമാറി മോഷ്ടാവ് സ്ഥലം വിടുന്ന രീതിയിൽ മുൻകാല സീസണുകളിൽ സമാനമായ മോഷണങ്ങൾ ഉണ്ടായിട്ടുണ്ട്.
എരുമേലി പോലീസ് സ്റ്റേഷൻ ഹൈടെക് ആക്കുകയും ടൗൺ ഉൾപ്പടെ സദാസമയ നിരീക്ഷണത്തിനായി 52 അത്യാധുനിക കാമറകൾ സ്ഥാപിക്കുകയും ചെയ്തതോടെ മോഷണ ദൃശ്യങ്ങൾ തത്സമയം കണ്ട് മോഷ്ടാക്കളെ പിടികൂടുന്ന നിലയിലേക്ക് എത്തിയതാണ്. എന്നാൽ, ഇപ്പോൾ കുറ്റവാളികളെ തത്സമയം പിടികൂടാൻ എല്ലാ സംവിധാനവുമുണ്ടായിട്ടും കഴിയുന്നില്ല.
അതേസമയം പോലീസിന്റെ ഭാഗത്ത് വീഴ്ച ഇല്ലെന്ന് എരുമേലി പോലീസ് സ്റ്റേഷൻ അധികൃതർ പറയുന്നു. 60000 രൂപ പോയ ഇത്തവത്തെ ആദ്യ മോഷണ സംഭവത്തിൽ പണം നഷ്ടപ്പെട്ടത് അയ്യപ്പ ഭക്തൻ ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിൽ നിന്നായിരുന്നുവെന്നും പണം നഷ്ടപ്പെടുന്നത് അറിയാതിരുന്നത് സംശയകരമാണെന്നും പോലീസ് പറയുന്നു.
മഫ്തി പോലീസ് ഉൾപ്പെടെ മുഴുവൻ സമയ നിരീക്ഷണമുണ്ടെന്നും രണ്ട് മോഷണ സംഭവങ്ങളിലും അന്വേഷണം ശക്തമാണെന്നും പോലീസ് അറിയിച്ചു.