ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകള്‍ തുടങ്ങി
1481753
Sunday, November 24, 2024 7:24 AM IST
കോട്ടയം: പൊതുവിദ്യാലയങ്ങളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷ(കൈറ്റ്)ന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘’ലിറ്റില്‍ കൈറ്റ്സ്’’ പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ തുടങ്ങി.
നിര്‍മിത ബുദ്ധി(എഐ) സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികള്‍ക്ക് കൈത്താങ്ങു നല്കാന് സഹായിക്കുന്ന പ്രോഗ്രാം തയാറാക്കലാണ് ഈ വര്‍ഷം ക്യാമ്പുകളുടെ പ്രത്യേകത. ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനുള്ള അനിമേഷന്‍ പ്രോഗ്രാമുകളും സ്വതന്ത്ര സോഫ്റ്റ്വേറുകളായ ഓപ്പണ്‍ ടൂള്‍സ്, ബ്ലെന്‍ഡര്‍ എന്നിവ ഉപയോഗിച്ച് കുട്ടികള്‍ ക്യാമ്പില്‍ തയാറാക്കും.
ജില്ലയില്‍ 143 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലായി 12,470 അംഗങ്ങളുള്ളതില്‍ സ്കൂള്‍തല ക്യാമ്പുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 896 കുട്ടികള്‍ ഉപജില്ലാ ക്യാമ്പുകളില്‍ പങ്കെടുക്കും. അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകളിലായി ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ജില്ലയില്‍ നടക്കുന്ന ഉപജില്ലാ ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്ന 96 കുട്ടികളെ ഡിസംബറില്‍ നടക്കുന്ന ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കും.