കോലാഹലമേട്ടിൽ സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു
1481621
Sunday, November 24, 2024 5:41 AM IST
കൂട്ടിക്കൽ: കൂട്ടിക്കൽ വില്ലേജിലെ കോലാഹലമേട്ടിൽ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റം റവന്യു വകുപ്പും പോലീസും ചേർന്ന് ഒഴിപ്പിച്ചു. വില്ലേജിലെ ആറ്, ഒൻപത് സർവേ നമ്പരുകളിൽപ്പെട്ട അഞ്ച് ഏക്കറോളം ഭൂമിയിലെ അനധികൃത കൈയേറ്റമാണ് റവന്യു - പോലീസ് സംയുക്ത നടപടികളിലൂടെ ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിച്ചത്.
കൈയേറ്റം ഒഴിപ്പിച്ച സ്ഥലത്ത് സർക്കാർ വക ഭൂമിയെന്ന് ബോർഡും സ്ഥാപിച്ചു. കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം. ജോസുകുട്ടി, ഭൂരേഖാ തഹസിൽദാർ പി.എസ്. സുനിൽ കുമാർ, മുണ്ടക്കയം എസ്എച്ച്ഒ എം.ആർ. രാകേഷ് കുമാർ,
ഡെപ്യൂട്ടി തഹസിൽദാർ ജോജോ വി. സെബാസ്റ്റ്യൻ, കൂട്ടിക്കൽ വില്ലേജ് ഓഫീസർ ഷിധ ഭാസ്കർ, താലൂക്ക് സർവേയർ അജിത് കുമാർ എന്നിവർ ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകി.
പോലീസ് -റവന്യു വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരും ഒഴിപ്പിക്കൽ നടപടികളിൽ പങ്കാളികളായിരുന്നു. വരുംദിവസങ്ങളിൽ അനധികൃത കൈയേറ്റം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.