കണമല ഇറക്കത്തിൽ സുരക്ഷാനടപടികൾ കർശനമാക്കി
1481640
Sunday, November 24, 2024 5:53 AM IST
കണമല: കണമലയിലെ കൊടുംവളവിൽ അപകടങ്ങൾ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പും പോലീസും നടപടി തുടങ്ങി. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ എല്ലാ സീസണിലും അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് നടപടി.
എരുത്വാപുഴയിൽ വാഹനങ്ങൾ പിടിച്ചിട്ടശേഷം ഒന്നിച്ച് കടത്തിവിടാനാണ് തീരുമാനം. എരുത്വാപ്പുഴ ഇറക്കം ഇറങ്ങി അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ മുന്നിലെ കൊടുംവളവ് കാണുമ്പോൾ ബ്രേക്ക് ചവിട്ടി നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് അപകടം ഉണ്ടാകുന്നതാണ് കണമല അടിവളവിലെ പതിവ്.
വഴികൾ പരിചിതമല്ലാത്ത അയ്യപ്പഭക്തരെത്തുമ്പോഴാണ് അപകടം ഏറെയും. ശബരിമല സീസൺ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടുപേർക്ക് പരിക്കേറ്റതോടെയാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി.
ഇറക്കം ആരംഭിക്കുന്ന എരുത്വാപ്പുഴയിൽ വാഹനങ്ങൾ പിടിച്ചിട്ടശേഷം ഒരുമിച്ച് കടത്തിവിടും. ഇങ്ങനെ കടന്നു പോകുന്ന വാഹനങ്ങൾ ഓവർടേക്ക് ചെയ്യാൻ പാടില്ലെന്ന നിർദേശവും മുന്നറിയിപ്പ് നോട്ടീസും നൽകിയാണ് കടത്തിവിടുന്നത്. പ്രദേശത്ത് ആവശ്യത്തിന് തെരുവുവിളക്കുകൾ ഇല്ലാത്തത് പ്രതിസന്ധിയാണെന്ന് അധികൃതർ പറയുന്നു.
ഇത്രയൊക്കെ ചെയ്തിട്ടും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണ് തെറ്റിയാൽ അപകടം ഉണ്ടാകുന്നതാണ് പതിവ്. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകാൻ സമാന്തരപാത തുറന്നു നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.