കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ പൂവാലശല്യവും വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗവും വർധിക്കുന്നു
1481630
Sunday, November 24, 2024 5:41 AM IST
കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി താലൂക്ക് വികസനസമിതി യോഗത്തില്‍ പരാതി. ഇതോടൊപ്പം പൂവാലശല്യവും രൂക്ഷമായിട്ടുണ്ട്. രാവിലെയും വൈകുന്നേരവുമാണ് പൂവാലന്മാർ സ്റ്റാൻഡിൽ വിലസുന്നത്. ബൈക്കുകളിലെത്തുന്ന പൂവാലന്മാര് പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നുണ്ടെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.
ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെഡിനോട് ചേർന്നുള്ള ഇടവഴിയിലും കെട്ടിടങ്ങളുടെ ഇടനാഴികളിലുമാണ് ഇവർ തന്പടിക്കുന്നത്. പലപ്പോഴും ലഹരി ഉപയോഗിച്ചിട്ടാണ് ഇവർ സംഘം ചേർന്ന് എത്തുന്നതെന്നു നാട്ടുകാർ പറയുന്നു.
സമീപത്തെ കെട്ടിടങ്ങളുടെ ഇടനാഴികളിലെല്ലാം സിഗരറ്റ് കുറ്റികളുടെയും നിരോധിച്ച പുകയില ഉത്പന്നങ്ങളുടെയും കവറുകളുടെ ശേഖരം കാണാം. ലഹരി ഉപയോഗിച്ച ശേഷം വിദ്യാർഥികൾ തമ്മിലുള്ള അസഭ്യവർഷവും സംഘർഷവും പതിവാണ്.
വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറുന്നത് പതിവായതോടെ ചില സ്കൂൾ അധികൃതരുടെ പരാതിയെത്തുടർന്ന് സ്റ്റാൻഡിൽ പോലീസിന്റെ പരിശോധന ശക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ പരിശോധന ഇല്ലാതായതോടെ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായി ബസ് സ്റ്റാൻഡ് മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
രാവിലെയും വൈകുന്നേരവും ബസ് സ്റ്റാൻഡിൽ പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.