ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക്
1481754
Sunday, November 24, 2024 7:24 AM IST
ചങ്ങനാശേരി: രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കുന്ന ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയം നിര്‍മാണം പുരോഗമിക്കുന്നു. 90 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. അത്യാധുനിക നിലവാരത്തിലുള്ള സൗകര്യങ്ങളാണു കായികതാരങ്ങള്‍ക്കും കായികപ്രേമികള്‍ക്കുമായി ഒരുങ്ങുന്നത്. രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കുന്ന ഫുട്ബോള്‍ ഗ്രൗണ്ടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ക്കായി ഫിഫ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരമുള്ള 105 മീറ്റര്‍ നീളവും 65 മീറ്റര്‍ വീതിയുള്ള ഗ്രൗണ്ടാണ് സജ്ജമാകുന്നത്.
20 എംഎം മെറ്റല്‍ 10 സെന്റിമീറ്റര്‍ കനത്തില്‍ നിരത്തിക്കഴിഞ്ഞു. ഇതിനു മുകളില്‍ ഇനി 10 എംഎം മെറ്റല്‍ അഞ്ച് സെന്റിമീറ്റര്‍ കനത്തിലും റെഡ് എര്‍ത്ത് (ചുവന്ന മണല്‍) 10 സെന്റിമീറ്റര്‍ കനത്തിലും നിറയ്ക്കും. ഇതിനു മുകളില്‍ അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ മണ്ണ്, പുഴ മണല്‍ എന്നിവ സമ്മിശ്രമായി ഇടും. അവസാനഘട്ടമായി ഗ്രാസിംഗ് റൂട്ട് വച്ച് ഗ്രൗണ്ട് ഒരുക്കും.
പുല്ലുകള്‍ നനച്ചു കൊടുക്കാന്‍ ഗ്രൗണ്ടില്‍ 35 സ്പ്രിങ്ക്ലറുകളാണു സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം 40,000 ലീറ്റര്‍ വെള്ളം ഇതിലൂടെ ഗ്രൗണ്ടിന്റെ എല്ലാം കോണിലും സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലൂടെ പുല്ലുകള്‍ നനയ്ക്കും. ഫുട്ബോള്‍ ഗ്രൗണ്ടിന്റെ സംരക്ഷണത്തിനായി ഗ്രൗണ്ടിനു ചുറ്റും ആറ് മീറ്റര്‍ ഉയരത്തില്‍ വേലിയും പകല്‍പോലെ വെളിച്ചം പകരാന്‍ ആറ് കൂറ്റന്‍ ലൈറ്റുകളും സ്ഥാപിച്ചു.
ക്രിക്കറ്റ് കോര്‍ട്ടും മള്‍ട്ടി ജിംനേഷ്യവും
ക്രിക്കറ്റ്, വോളിബോള്‍ പ്രേമികള്‍ക്കും സ്റ്റേഡിയത്തിനുള്ളില്‍ ക്രമീകരണമുണ്ടാകും. സ്റ്റേഡിയത്തിനുള്ളില്‍ ഫുട്ബോള്‍ ഗ്രൗണ്ടിനു പുറത്ത് പടിഞ്ഞാറു ഭാഗത്തായാണ് ക്രിക്കറ്റ് നെറ്റ് പരിശീലനത്തിനുള്ള ഇടവും വോളിബോള്‍ മഡ് കോര്‍ട്ടും തയാറാക്കുന്നത്.
സ്റ്റേഡിയത്തിനുള്ളിലെ പവലിയനില്‍ നിര്‍മിക്കുന്ന മള്‍ട്ടി ജിം ഈ മൈതാനത്തിന്റെ സവിശേഷതയാണ്. പൂര്‍ണമായും ശീതികരണമുള്ള ജിമ്മില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രവേശനമുണ്ടാകും.
പ്രത്യേകം ശുചിമുറികളും ഡ്രസിംഗ് റൂമുകളും ഒരുക്കും. മ്യൂസിക് സംവിധാനത്തിനായി 10 സ്പീക്കര്‍ ഉണ്ട്. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ഇടപെടലില്‍ അഞ്ച് കോടിയിലേറെ രൂപ മുടക്കിയണ് ചങ്ങനാശേരിയുടെ കായിക മികവിനായി പുതിയ സ്റ്റേഡിയം സജ്ജമാക്കുന്നത്.