റോഡുകൾ ഗതാഗതയോഗ്യമല്ല; ജനം വലയുന്നു
1481746
Sunday, November 24, 2024 7:24 AM IST
പാണ്ടിയപ്പള്ളി-മാരാംകുഴി റോഡ്: തകർന്നിട്ട് മാസങ്ങൾ
മറ്റക്കര: അകലക്കുന്നം പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡിൽ ഉൾപ്പെടുന്ന പാണ്ടിയപ്പള്ളി-മാരാംകുഴി റോഡ് തകർന്നു ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങൾ. റോഡിന്റെ അറ്റക്കുറ്റ പണികൾക്കായി ഉമ്മൻചാണ്ടി എംഎൽഎ ആയിരുന്ന കാലത്ത് ഫണ്ട് അനുവദിച്ചിരുന്നതാണ്.
എന്നാൽ, നാളിതുവരെയായിട്ടും സ്ഥലം ഏറ്റെടുത്തു റോഡിന് വീതികൂട്ടുവാനോ റോഡ് സഞ്ചാരയോഗ്യമായ രീതിയിൽ പണികൾ നടത്തുവാനോ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല.
വിശുദ്ധ അൽഫോൻസാമ്മയുടെ പേരിൽ കേരളത്തിലെ തന്നെ ആദ്യ ദേവാലയമായ അൽഫോൻസാഗിരി സ്ഥിതി ചെയ്യുന്നത് റോഡിനു സമീപത്താണ്. പള്ളിയിലേക്ക് ദിനംപ്രതി നിരവധിയാളുകൾ എത്തുന്ന റോഡ് കൂടിയാണിത്. മഴപെയ്തു കഴിഞ്ഞാൽ കാൽനടയായി പോലും യാത്രക്കാർക്ക് ഈ വഴി സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡായതുകൊണ്ടുതന്നെ വാർഡ് മെമ്പർമാരുടെ ഭാഗത്തുനിന്നു കാര്യക്ഷമമായ പ്രവർത്തനം ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ ദൈനംദിനം കടന്നു പോകുന്ന റോഡ് ഉടൻ നന്നാക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
വട്ടമലപ്പടി-പള്ളികുന്ന് റോഡ്: കാൽനടയാത്രപോലും ദുഃസഹം
പാമ്പാടി: വട്ടമലപ്പടി-പള്ളികുന്ന് റോഡിലൂടെ കാൽനടയാത്ര പോലും ദുസഹമായിരിക്കുന്നു. തകർന്നുകിടക്കുന്ന ഈ റോഡിലൂടെ സഞ്ചരിക്കുമ്പോൾ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. കാൽനാടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും ഈ വഴിയിലൂടെ സഞ്ചരിക്കണമെങ്കിൽ സർക്കസ് അഭ്യാസിയുടെ മെയ്വഴക്കം വേണമെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിന്റെ പല ഭാഗത്തും വൻഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു.
കുഴിയിൽ ചാടാതെ വാഹനങ്ങൾ വെട്ടിക്കുന്പോൾ അപകടങ്ങളുണ്ടാകുന്നതും പതിവാണ്. ദിനംപ്രതി ഇരുചക്ര-നാല്ചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഇതു വഴി കടന്നുപോകുന്നതാണ്. കൂടാതെ പാമ്പാടി ദയറായിലേയ്ക്കും, മഞ്ഞാടി ക്ഷേത്രത്തിലേയ്ക്കുമുള്ള എളുപ്പവഴിയാണിത്. ദുരിതയാത്ര അവസാനിപ്പിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.