ശുചീകരണ പ്രവര്‍ത്തനം നടക്കുന്നില്ല; എംവിഐപി കനാലിൽ കാട് കയറുന്നു
1481755
Sunday, November 24, 2024 7:24 AM IST
കടുത്തുരുത്തി: കാണക്കാരി പഞ്ചായത്തിലൂടെ കടന്നുപോകുന്ന എംവിഐപി കനാലിൽ കാടുകയറി മൂടി. കാലങ്ങളായി ശുചീകരണ പ്രവര്‍ത്തനം നടത്താത്തതിനാല്‍ കനാലും പരിസരപ്രദേശവും ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടെയും ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്. കാട് വളര്‍ന്ന് മരങ്ങളായി മാറിയിട്ടും വെട്ടിത്തെളിക്കുവാന്‍ എംവിഐപിയോ മറ്റു ഉത്തരവാദിത്വപ്പെട്ടവരോ തയാറാകുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കാണക്കാരി പഞ്ചായത്ത് പരിധിയിലൂടെ കടന്നുപോകുന്ന മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ 3150-ാം നമ്പര്‍ ഉപകനാലാണ് കാട് കയറി മൂടിയിരിക്കുന്നത്. കാണക്കാരി റെയില്‍വേ ക്രോസിന് സമീപം റോഡ് നിരപ്പില്‍നിന്നു 30 അടിയിലേറേ താഴ്ച്ചയിലൂടെയാണ് കനാല്‍ കടന്നുപോകുന്നത്.
എന്നാല്‍, കനാലിനുള്ളില്‍ വളര്‍ന്നിരിക്കുന്ന മരങ്ങളുടെ മുകള്‍ ഭാഗം റോഡ് നിരപ്പിനേക്കാള്‍ ഉയരത്തിലാണ് നില്‍ക്കുന്നത്. കനാലിലെ കാട് വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, എംവിഐപിയുടെ കനാലില്‍ ശുചീകരണം നടത്താന്‍ പഞ്ചായത്ത് ഫണ്ട് വകയിരുത്താനാവില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
കാട് മൂടി കിടക്കുന്ന കനാലിലും പരിസരത്തുമായി പെരുകിയിരിക്കുന്ന ഇഴജന്തകളും ക്ഷുദ്രജീവികളും രാത്രിയില്‍ കനാലിന് ഇരുവശത്തുമുള്ള വീടുകളിലേക്ക് എത്തുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. പലതരത്തില്‍പെട്ട ചെറുതും വലുതുമായ വിഷപ്പാമ്പുകളെ പ്രദേശവാസികള്‍ നിരവധി തവണ കണ്ടിട്ടുണ്ട്.
വലിയ ഉടുമ്പുകളും കീരി, പെരുമ്പാമ്പ്, മുള്ളന്‍പന്നി തുടങ്ങീ അനേകം ജന്തുക്കളും പ്രദേശത്തെ പല വീടുകളിലും എത്തിയിട്ടുണ്ടെന്നും പരിസരവാസികള്‍ ചൂണ്ടി കാണിക്കുന്നു. രാത്രിയില്‍ ഭയപാടോടെയാണ് കനാലിന് സമീപത്തുള്ളവര്‍ കഴിച്ച് കൂട്ടുന്നതെന്നും കനാല്‍ വൃത്തിയാക്കിയെങ്കില്‍ മാത്രമേ ക്ഷുദ്രജീവികളുടെ ഭീഷണി ഒഴിവാകുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു.
കൂടാതെ പ്രദേശവാസികളല്ലാത്ത യുവാക്കള്‍ ഉള്പെടെയുള്ളവര് മദ്യം ഉല്‍പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിനായും കനാല്‍ പ്രദേശത്ത് എത്താറുണ്ട്. ഇവരില്‍ പലരും കാട് മൂടിയ കനാലിനുള്ളില്‍ ഇറങ്ങിയാണ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത്. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ വരെ ഇക്കൂട്ടത്തിലുള്ളതിനാല്‍ ആളുകള്‍ക്കും ഇവരെ എതിര്‍ക്കാന്‍ ഭയമാണ്. ഇവരില്‍ പലരും ആയൂധങ്ങളുമായെത്തുന്നവരാണെന്നും പറയപ്പെടുന്നു. ഭീഷണിയും അസഭ്യവര്‍ഷവും ഇവരുടെ പതിവാണെന്നും ഇതൊന്നും ചോദ്യം ചെയ്യാന്‍ ആരും തുനിയാറില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
പോലീസിന്റെ ശ്രദ്ധ ഈ ഭാഗത്ത് ഉണ്ടാകാറില്ലെന്നും ഇതും ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്ക് അഴിഞ്ഞാടാന്‍ സാഹചര്യമുണ്ടാക്കുകയാണെന്നും നാട്ടുകാര്‍ കുറ്റപെടുത്തുന്നു.
കനാലിന് സംരക്ഷണഭിത്തിയില്ലാത്തത് വലിയ അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്. രാത്രികാലങ്ങളില്‍ എതിര് ദിശയില്‍നിന്നു വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനിടെ വാഹനങ്ങള്‍ കനാലിലേക്ക് മറിഞ്ഞ് അപകടത്തില്‍പെടാനുള്ള സാധ്യതയുമുണ്ട്. ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. കനാല്‍ ഉടനടി ശുചീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉള്‍പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.