ഫാ. ജയിംസ് മുല്ലശേരിക്ക് കാരുണ്യത്തിന്റെ നിറവിൽ ജൂബിലി ആഘോഷം
1481453
Saturday, November 23, 2024 7:26 AM IST
ഏറ്റുമാനൂർ: പൗരോഹിത്യ ജീവിതത്തിലൂടെ സഭയിലും സമൂഹത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരിയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷങ്ങൾക്ക് കാരുണ്യത്തിന്റെ നിറവ്. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശേഖരിച്ച സഹായനിധി വൃക്കരോഗികളുടെ പുനരുജ്ജീവനത്തിനായി മെഡിക്കൽ കോളജ് ആശുപത്രിക്ക് കൈമാറും.
കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും എഎസ്ഐഎസ്സി ദേശീയ പ്രസിഡന്റുമായ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐയുടെ പൗരോഹിത്യ രജത ജൂബിലി ഇന്നലെ കെഇ സ്കൂളിൽ ആഘോഷിച്ചു. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു.
കാരുണ്യത്തിന്റെയും കർമോപാസനയുടെയും മികച്ചമാതൃകയും വിദ്യാഭ്യാസ വിദഗ്ധൻ, ചിന്തകൻ, ജീവകാരുണ്യ പ്രവർത്തകൻ, കവി, ഗാനരചയിതാവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭയും മാനവമൈത്രി ജീവിതവ്രതമാക്കിയ വൈദികനുമാണ് ഫാ. ജയിംസ് മുല്ലശേരിയെന്ന് മാർ തോമസ് തറയിൽ പറഞ്ഞു.
സിഎംഐ സഭയുടെ തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രോവിൻസ് വികാർ പ്രൊവിൻഷ്യൽ റവ.ഡോ. സെബാസ്റ്റ്യൻ അട്ടിച്ചിറ അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, കോട്ടയം സെന്റ് ആന്റണീസ് പിൽഗ്രിം സെന്റർ റെക്ടർ മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ, കെഇ സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാ. ഫിലിപ്പ് പഴയകരി സിഎംഐ, കെഇ റസിഡൻസ് പ്രീഫെക്ട് ഫാ. ഷൈജു സേവ്യർ സിഎംഐ,
മുൻ വൈസ് പ്രിൻസിപ്പൽ ഫാ. തോമസ് മണ്ണുപ്പറമ്പിൽ സിഎംഐ, പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർമാരായ ജോർജ് തോമസ്, സെബാസ്റ്റ്യൻ ജി. മാത്യു. കെഇ സ്കൂൾ പിടിഎ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ്, മുൻ പിടിഎ പ്രസിഡന്റ് ജോമി മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഷാജി ജോർജ്, റോയി മൈക്കിൾ, ഹെഡ്മാസ്റ്റർ കെ. ഡി. സെബാസ്റ്റ്യൻ, അധ്യാപിക സുമൻ അനിൽ, അനധ്യാപക അംഗം കെ.എം. തോമസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.
സഭ, കുടുംബം, സുഹൃത്തുക്കൾ, സമൂഹം ഇവയെല്ലാം ഒത്തൊരുമിച്ച് നൽകിയ പിന്തുണയും ധൈര്യവുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമെന്ന് റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ മറുപടി പ്രസംഗത്തിൽ പറഞ്ഞു.