പട്ടണപ്രദക്ഷിണം ഭക്തിസാന്ദ്രം; ഏറ്റുമാനൂരിൽ പ്രധാന തിരുനാളാഘോഷം ഇന്ന്
1481747
Sunday, November 24, 2024 7:24 AM IST
ഏറ്റുമാനൂർ: ക്രിസ്തുരാജ പള്ളിയിൽ മിശിഹായുടെ രാജത്വത്തിരുനാളിനോടനുബന്ധിച്ചുള്ള പട്ടണ പ്രദക്ഷിണം ഭക്തി സാന്ദ്രമായി. നഗരത്തിന് ഭക്തിയുടെ നിറവു നൽകിയ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ക്രിസ്തുരാജ പള്ളിയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണത്തിൽ ക്രിസ്തുരാജന്റെ രൂപം സംവഹിക്കപ്പെട്ടു. അതിരമ്പുഴ റോഡിലൂടെ കോടതിപ്പടി ജംഗ്ഷൻ, അൽഫോൻസ നഗർ വഴി തുമ്പശേരി ജംഗ്ഷനിൽ എത്തി എംസി റോഡ് വഴി പ്രദക്ഷിണം കുരിശുപള്ളിയിൽ എത്തി. കുരിശുപള്ളിയിൽ ലദീഞ്ഞിനു ശേഷം പള്ളിയിൽ എത്തി പ്രദക്ഷിണം സമാപിച്ചു.
പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ റാസ കുർബാനയും വൈകുന്നേരം തിരുനാൾ പ്രദക്ഷിണവും നടക്കും. രാവിലെ 6.45ന് ഷംഷബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് വിശുദ്ധ കുർബാന അർപ്പിക്കും. 9.30ന് ഫാ. ജേക്കബ് നടുവിലേക്കളത്തിന്റെ മുഖ്യകാർമികത്വത്തിൽ റാസ കുർബാന അർപ്പിക്കും. ഫാ. ജീമോൻ ബംഗ്ലാവുപറമ്പിൽ തിരുനാൾ സന്ദേശം നൽകും.
വൈകുന്നേരം ആറിന് പള്ളിയിൽനിന്ന് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. ഫാ. ജസ്റ്റിൻ തൈക്കളം കാർമികത്വം വഹിക്കും. നീണ്ടൂർ റോഡിലൂടെ ചിറയിൽ കുരിശടിയിലെത്തി കണ്ണാർമുകൾ റോഡിലൂടെ എംസി റോഡിൽ പ്രവേശിച്ച് സെൻട്രൽ ജംഗ്ഷൻ വഴി പള്ളിയിൽ തിരികെയെത്തി പ്രദക്ഷിണം സമാപിക്കും. എട്ടിന് കൊടിയിറക്ക്.
തുടർന്ന് നേർച്ച സാധനങ്ങളുടെ ലേലം.നാളെ രാവിലെ 5.45ന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് ശാന്തിതീരം സെമിത്തേരി ചാപ്പലിൽ വിശുദ്ധ കുർബാനയും പൂർവിക അനുസ്മരണ പ്രാർഥനയും നടത്തും.