ബസ് സ്റ്റാൻഡിനുള്ളിലെ കടയ്ക്കു തീപിടിച്ച് നാശം
1481339
Saturday, November 23, 2024 5:37 AM IST
കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡിനുള്ളിലെ കടയ്ക്ക് തീപിടിച്ച് നാശം. സ്റ്റാൻഡിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ ഷിബുകുമാറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വീ വൺ ട്രേഡിംഗ് സ്ഥാപനത്തിലും ഇതോടനുബന്ധിച്ചുള്ള ട്രാവൽസ് ഓഫീസിലുമാണ് തീ പടർന്നത്. വ്യാഴാഴ്ച അർധരാത്രി 12ാടെയാണ് സംഭവം.
ഗിഫ്റ്റ് ഐറ്റംസ്, സ്റ്റീൽ, അലൂമിനിയം പാത്രങ്ങൾ, ഫാൻസി സാധനങ്ങൾ തുടങ്ങി കടയിലും ഓഫീസിലുമുണ്ടായിരുന്ന ഫർണിച്ചർ ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. പുകയും തീയും ഉയരുന്നതു കണ്ട് സമീപ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ പോലീസിൽ അറിയിച്ചു.
തുടർന്ന് പോലീസ് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ സമീപ സ്ഥാപനങ്ങളിലേക്കു പടർന്നില്ല. 15 ലക്ഷത്തോളം രൂപയുടെ നാശം ഉണ്ടായതായി കടയുടമ ഷിബുകുമാർ പറഞ്ഞു.