നഗരസഭാ പ്രദേശത്തെ നിയമലംഘനങ്ങൾക്കെതിരേ നടപടി
1481455
Saturday, November 23, 2024 7:26 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ പ്രദേശത്തെ നിയമ ലംഘനങ്ങൾക്കെതിരേ നടപടിയുമായി അധികൃതർ. മത്സ്യ-മാംസ വ്യാപാര കേന്ദ്രങ്ങൾ, തട്ടുകടകൾ, പച്ചക്കറി-പഴം കടകൾ,
ഇതര വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കും പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പരിസര മലിനീകരണം സൃഷ്ടിക്കുന്നവർക്കും പൊതുസ്ഥലം കയ്യേറി പൊതുജനങ്ങൾക്കും വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും തടസം സൃഷ്ടിക്കുംവിധം അനധികൃത വ്യാപാരം നടത്തുന്നവർക്കും മറ്റ് പൊതുജനാരോഗ്യ നിയമലംഘനങ്ങൾ നടത്തുന്നവർക്കും എതിരേ നഗരസഭാധികൃതർ മുന്നറിയിപ്പ് നൽകി.
നിയമലംഘകർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതിന് നഗരസഭാ ആരോഗ്യവിഭാഗം സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.
നിയമലംഘനം നടത്തുന്നവർക്കെതിരേ സ്പോട്ട് ഫൈൻ, കുറ്റക്കാരെ നേരിൽക്കേട്ട് പിഴയീടാക്കൽ എന്നിവയും പിഴയൊടുക്കാത്തവർക്കെതിരേ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.