ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ ഉദ്ഘാടനവും കായികോപകരണ വിതരണവും നാളെ
1481749
Sunday, November 24, 2024 7:24 AM IST
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി എക്സൈസ് വിമുക്തി മിഷന് നടപ്പാക്കുന്ന ഉണര്‍വ് പദ്ധതിയുടെ ഭാഗമായി കങ്ങഴ മുസ്ലിം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പണികഴിപ്പിച്ച ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ ഉദ്ഘാടനവും കായിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും നാളെ രാവിലെ 11ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കുന്നതിനും സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ വിദ്യാര്‍ഥികളെ ലഹരി ഉപയോഗിക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കുന്നതിനും അവരുടെ കര്‍മശേഷിയെ ക്രിയാത്മകമായ മറ്റു മേഖലകളില്‍ വിന്യസിക്കുന്നതിനുമായി എക്സൈസ് വകുപ്പ്, സംസ്ഥാന വിമുക്തി മിഷനുമായി ചേര്‍ന്ന് ആവിഷ്കരിച്ച പദ്ധതിയാണ് ഉണര്‍വ്വ്.
ചടങ്ങില്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സ്കൂള്‍ കായികമേളയിലെ വിജയികള്‍ക്കു സ്കൂള്‍ മാനേജര്‍ ടി.എം. നസീര്‍ താഴത്തേടത്ത് ഉപഹാരസമര്‍പ്പണം നടത്തും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി മുഖ്യപ്രഭാഷണം നടത്തും. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആര്. ജയചന്ദ്രന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
എക്സൈസ് കമ്മിഷണര്‍ എ.ഡി.ജി.പി. മഹിപാല്‍ യാദവ്, കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംല ബീഗം, ജില്ലാ പഞ്ചായത്തംഗം ഹേമലതാ പ്രേംസാഗര്‍, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല ഹരി ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.