നാടകാചാര്യൻ ഓംചേരി ഇനി ഓർമ
1481483
Saturday, November 23, 2024 7:41 AM IST
വൈക്കം: പ്രമുഖ നാടകാചാര്യൻ ഓംചേരി എൻ.എൻ. പിള്ളയുടെ വിടവാങ്ങൽ ജന്മനാടായ വൈക്കത്തെ ദുഃഖത്തിലാഴ്ത്തി. തന്റെ നൂറാം വയസിൽ വിട വാങ്ങുമ്പോൾ നൂറ് വർഷം പിന്നിട്ട ടിവി പുരത്തെ അദ്ദേഹത്തിന്റെ ഓംചേരി വീടും ഓംചേരിക്കായി കാത്തിരിക്കുകയാണ്. ഈ വീടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഓംചേരിയുടെ ജന്മദിനവും വീടിന്റെ ജന്മദിനവും മനോഹരമായി മേൽക്കൂരയിൽ കൊത്തിവച്ചിരിക്കുന്നത് ഇന്നും കാണാനാകും.
ശരീരം ഡൽഹിയിലും മനസ് വൈക്കത്തുമായിട്ടാണ് ഞാൻ ജീവിക്കുന്നതെന്നാണ് അവസാനമായി വൈക്കത്ത് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞത്. 2015 സെപ്റ്റംബറിൽ വൈക്കം മഹാദേവ കോളജിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനാണ് കോളജിന്റെ രക്ഷാധികാരികൂടിയായ ഓംചേരി അവസാനമായി ജന്മനാട്ടിലെത്തിയത്.
1924 ഫെബ്രുവരി ഒന്നിനാണ് ഓംചേരി വൈക്കം ടിവി പുരത്ത് ജനിക്കുന്നത്. പതിറ്റാണ്ടുകളായി ഡൽഹിയിൽ പ്രവർത്തിക്കുന്ന ഓംചേരിയെ തേടി നിരവധി പുരസ്കാരങ്ങളാണ് എത്തിയത്. വൈക്കം ജനതയുടെ ന്യൂഡൽഹിയിലെ അംബാസഡറായി അറിയപ്പെട്ടിരുന്ന ഓംചേരി സാംസ്കാരിക സാഹിത്യരംഗത്തിന് നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്. ടിവിപുരം ഓംചേരി വീട്ടിൽ നാരായണൻപിള്ളയുടെയും പാപ്പിക്കുട്ടി അമ്മയുടെയും മകനായാണ് അദ്ദേഹത്തിന്റെ ജനനം.
വൈക്കം അയ്യർകുളങ്ങര ഗവൺമെന്റ് യുപി സ്കൂൾ, ഇംഗ്ലീഷ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം കോട്ടയം സിഎംഎസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദവും നേടി.
പിന്നീട് അമേരിക്കയിലെ പെൻസിൽവേനിയ യൂണിവേഴ്സിറ്റി, യുഎസ്എ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഗവേഷണാത്മക പഠനം നടത്തി. വൈവിധ്യ പൂർണ്ണമായ ഒട്ടേറെ തൊഴിൽ മേഖലയിലൂടെ കടന്ന് പോയ അദ്ദേഹത്തിന്റെ ജീവിതം സംഭവ ബഹുലമായിരുന്നു. ആൾ ഇന്ത്യാ റേഡിയോ, ഡിഎവിപി, സെൻസേഴ്സ് ഓഫീസ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു.
എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിക്കുന്നത്. ഭാരതീയ വിദ്യാഭവനിൽ ഓണററി ഡയറക്ടറായിരുന്ന അദ്ദേഹം 2020 ജനുവരി ഒന്നിന് വിരമിച്ചു.
പ്രശസ്ത ഗായകൻ കമുകറ പുരുഷോത്തമന്റെ സഹോദരിയും എഴുത്തുകാരിയുമായിരുന്ന പരേതയായ ഡോ. ലീലാവതി ആയിരുന്നു ഭാര്യ. ഓംചേരിക്കൊപ്പം ഡൽഹിയിലായിരുന്നു സ്ഥിരതാമസം. 2020ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, പ്രഥമ കേരള പ്രഭ പുരസ്കാരം, 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 1975 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2010ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
നാടകകൃത്ത്, നിരൂപകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ ഓംചേരി വിടവാങ്ങിയത് ജന്മനാടിനു തീരാനഷ്ടമാണ്. ഓംചേരി വിടപറയുമ്പോൾ സാമൂഹ്യ സാംസ്കാരിക രംഗത്ത് ജീവിത കാലയളവിൽ അദ്ദേഹം സമ്മാനിച്ച സമാനതകളില്ലാത്ത സംഭാവനകളെയും ജനങ്ങൾ നെഞ്ചേറ്റുകയാണ്.