ദാക്ഷായണി വേലായുധനെ അടുത്തറിയാന്‍ ഡിജിറ്റല്‍ ആര്‍ക്കൈവ്സ്
1481625
Sunday, November 24, 2024 5:41 AM IST
കോട്ടയം: ഇന്ത്യന്‍ ഭരണഘടന നിര്‍മാണസഭയിലെ ഏക ദളിത് വനിതയും ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായിരുന്ന ദാക്ഷായണി വേലായുധനെ പുതു തലമുറയ്ക്ക് അടുത്തറിയാന്‍ അവസരമൊരുക്കി എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്.
ദാക്ഷായണി വേലായുധന്റെ ജീവിതവും സേവനവും രാജ്യത്തിനു നല്കിയ സംഭാവനകളും വിശദമായി പ്രതിപാദിക്കുന്ന രീതിയില്‍ സജ്ജമാക്കിയ ഡിജിറ്റല്‍ ആര്‍ക്കൈവ്സ് മന്ത്രി പി. രാജീവ് 26ന് ഉദ്ഘാടനം ചെയ്യും.
ഭരണഘടനാ നിര്‍മാണസഭയിലെ ദാക്ഷായണി വേലായുധന്റെ പ്രധാന പ്രസംഗങ്ങള്‍, ഈ സഭയിലെ മറ്റ് വനിതാ അംഗങ്ങളുടെ വിശദാംശങ്ങള്‍, ലിംഗനീതിയും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സുപ്രീം കോടതിയുടെ പ്രധാന വിധികള്‍ തുടങ്ങിയവയും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ തയാറാക്കിയ ആര്‍ക്കൈവ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് 2.30ന് സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിക്കും. സിന്‍ഡിക്കറ്റംഗങ്ങളായ റെജി സക്കറിയ, ഡോ. ബീന മാത്യു, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്, ആര്‍ക്കൈവ്സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.എം. ആരതി എന്നിവര്‍ പ്രസംഗിക്കും.