മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അനക്സ് പൂര്‍ത്തീകരണം : അധികതുക അനുവദിക്കും: മോൻസ് ജോസഫ് എംഎൽഎ
1481480
Saturday, November 23, 2024 7:41 AM IST
കുറുപ്പന്തറ: മണ്ണാറപ്പാറയില്‍ നിര്‍മിക്കുന്ന മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അനക്സ് കെട്ടിടസമുച്ചയം പൂര്‍ത്തിയാക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി അധിക തുക അനുവദിക്കും. നേരത്തെ അനുവദിച്ച 40 ലക്ഷത്തിന് പുറമെ പത്ത് ലക്ഷം കൂടി അനുവദിച്ചതോടെ 50 ലക്ഷം രൂപയാണ് കെട്ടിടം പൂര്‍ത്തിയാക്കുന്നതിനായി നല്‍കുന്നത്. കടുത്തുരുത്തി നിയോജകമണ്ഡലം എംഎല്‍എ സ്കീമില്‍ ഉള്‍പ്പെടുത്തി ആവിഷ്കരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാന്‍ അഡീഷണല്‍ ഫണ്ട് ആശ്യമായി വന്നത് പഞ്ചായത്ത് കമ്മിറ്റി എംഎല്‍എയെ അറിയിച്ചിരുന്നു. പഞ്ചായത്ത് കമ്മിറ്റി ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മാണ പൂര്‍ത്തീകരണത്തിന് ആവശ്യമായ തുക എത്രയെന്ന് പരിശോധിച്ചു റിപ്പോര്‍ട്ട് നല്കാന് ഉഴവൂര്‍ ബ്ലോക്ക് എല്‍എസ്ജിഡി എൻജിനിയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി.
പഞ്ചായത്ത് കമ്മിറ്റിയുമായി ആലോചിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി തയാറാക്കിയ അന്തിമ എസ്റ്റിമേറ്റ് പ്രകാരമാണ് 50 ലക്ഷം രൂപ ആവശ്യമാണെന്ന് കണ്ടെത്തിയത്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നത് 40 ലക്ഷം രൂപയായിരുന്നു.
കൂടുതലായി 10 ലക്ഷം രൂപ കൂടി അഡീഷണല്‍ ഫണ്ട് കണ്ടെത്തിയാല്‍ മാത്രമേ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്ന് കണ്ടെത്തിയതോടെയാണ് ഈ തുക അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് മോന്‍സ് ജോസഫ് എംഎൽഎ പറഞ്ഞു.
മാഞ്ഞൂര്‍ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം നിര്‍മല ജിമ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാലാ, സുനു ജോര്‍ജ്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.