അഷ്ടമിദർശന സായുജ്യം നേടി ആയിരങ്ങൾ
1481626
Sunday, November 24, 2024 5:41 AM IST
വൈക്കം: അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ അനുഗ്രഹം തേടി ഭക്തസഹസ്രങ്ങൾ ഇന്നലെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ദർശനം നടത്തി. ഇന്നലെ പുലർച്ചെ 3.30ന് പ്രഭാത പൂജകൾക്ക് ശേഷം 4.30 ന് അഷ്ടമി ദർശനത്തിനായി നട തുറന്നു. പതിനൊന്നാം ഉത്സവ നാളിലെ വിളക്കിനെഴുന്നള്ളിപ്പ് ശ്രീകോവിലിലേക്ക് കയറുമ്പോൾത്തന്നെ അഷ്ടമി തൊഴുവാനുള്ള ഭക്തരുടെ നീണ്ട നിര കാണാമായിരുന്നു.
വെളുപ്പിനു 3.30ന് തന്ത്രി കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി , ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി, ടി.എസ്. നാരായണൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ നട തുറന്ന് ഉഷഃപൂജ, എതൃത്തപൂജ എന്നിവയ്ക്ക് ശേഷം അഷ്ടമി ദർശനത്തിനായി നട തുറന്നപ്പോൾ വേദമന്ത്രോച്ചാരണവും പഞ്ചാക്ഷരീമന്ത്രവും ഉയർന്നു. ഭഗവാനെ ഒരുനോക്കു കാണാൻ തൊഴുകൈകളോടെ ആയിരങ്ങൾ കാത്തുനിന്നു.
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ആൽത്തറയിൽ തപസനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീസമേതനായി ദർശനം നല്കി അനുഗ്രഹിച്ച പുണ്യ മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം കൊണ്ടാടുന്നത്. അഷ്ടമിയോടനുബന്ധിച്ചു ക്ഷേത്രത്തിൽ നടന്ന പ്രാതലൂട്ടിലും ആയിരങ്ങളാണ് പങ്കെടുത്തത്.