ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പൂഞ്ഞാറിലെ കുട്ടിപ്പോലീസ്
1481651
Sunday, November 24, 2024 6:00 AM IST
പൂഞ്ഞാർ: സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ സ്ഥാപിച്ച പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സുകൾ ശ്രദ്ധേയമായി.
വഴിയോരത്തോ കൃഷിയിടത്തിലോ പുഴയിലോ എത്തിപ്പെടുമായിരുന്ന, ഉപയോഗശൂന്യമായ 1,147 പ്ലാസ്റ്റിക് പേനകളാണ് കേഡറ്റുകൾ ശേഖരിച്ച് ഹരിതകർമസേനക്ക് കൈമാറുന്നത്.
ഓഗസ്റ്റ് അവസാനമാണ് സ്കൂളിലെ അഞ്ചുമുതൽ പത്തുവരെയുള്ള എല്ലാ ക്ലാസ് മുറികളിലും പെൻ ഡ്രോപ് ബോക്സുകൾ സ്ഥാപിച്ചത്. അധ്യാപകരുടെയും ക്ലാസ് ലീഡർമാരുടെയും നേതൃത്വത്തിൽ ഉപയോഗശൂന്യമായ പേനകൾ ഈ ബോക്സിൽ കുട്ടികൾ നിക്ഷേപിച്ചു.
സ്കൂളിന്റെ രണ്ട് ബിൽഡിംഗുകളിലും സ്ഥാപിച്ചിരിക്കുന്ന വലിയ ബോക്സുകളിലേക്ക് നിശ്ചിത ഇടവേളകളിൽ ഈ വേസ്റ്റ് പേനകൾ ശേഖരിച്ചു. മൂന്നുമാസത്തിനു ശേഷം, ശേഖരണം നടത്തിയപ്പോൾ 1147 പേനകളാണ് ലഭിച്ചത്.
മീനച്ചിൽ നദീ സംരക്ഷണ സമിതി, സ്കൂൾ-കോളജ് വിദ്യാർഥികളുടെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകളിലൂടെ നടത്തുന്ന ജോയ് ഓഫ് വേസ്റ്റ് മാനേജ്മെന്റ് കാന്പയിന്റെ ഭാഗമായാണ് സ്കൂളുകളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ്പ് ബോക്സുകൾ സ്ഥാപിച്ചത്.
പരിസ്ഥിതി പ്രവർത്തകനും മീനച്ചിൽ നദീസംരക്ഷണ സമിതി സെക്രട്ടറിയുമായ എബി ഇമ്മാനുവൽ പൂണ്ടിക്കുളമാണ് സ്കൂളിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ സൂസി മൈക്കിൾ, എസ്പിസി ഓഫീസർമാരായ ടോണി തോമസ് പുതിയാപറമ്പിൽ, മെറീന ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകുന്നു.