പഴനി സര്‍വീസ് നിര്‍ത്തി, ബസ് ചേര്‍ത്തല ഡിപ്പോയിലേക്കു മാറ്റി
1481484
Saturday, November 23, 2024 7:41 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയില്‍നിന്നു കോട്ടയം, കുമളി, കമ്പം, തേനി, പെരിയകുളം വഴി പഴനിക്ക് സര്‍വീസ് നടത്തിയിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് നിര്‍ത്തലാക്കി.
സര്‍വീസ് നടത്തിയിരുന്ന ബസ് ഇന്നലെ വൈകുന്നേരം ആറിന് ആലപ്പുഴ ഫാസ്റ്റ് ബോര്‍ഡ് വച്ചു ചേര്‍ത്തല ഡിപ്പോയിലേക്കു മാറ്റി. കഴിഞ്ഞ ആറുവര്‍ഷത്തിലേറെയായി ഡിപ്പോയില്‍നിന്നു സര്‍വീസ് നടത്തിയിരുന്ന റൂട്ടാണ് നഷ്ടത്തിന്റെ പേരുപറഞ്ഞ് നിര്‍ത്തലാക്കിയത്.
ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, തീര്‍ഥാടകര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ സഞ്ചരിച്ചിരുന്ന സര്‍വീസാണ് നിര്‍ത്തലാക്കിയത്. ഡിപ്പോയിലെ പല സര്‍വീസുകളും നിര്‍ത്തലാക്കിയതിനെതിരേ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.
പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ചങ്ങനാശേരിയില്‍നിന്നുള്ള പഴനി സര്‍വീസ് നിര്‍ത്തലാക്കി ബസ് ചേര്‍ത്തല ഡിപ്പോയിലേക്ക് മാറ്റിയ കെഎസ്ആര്‍ടിസി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധം നടത്തി.
ഡിസിസി ജനറല്‍ സെക്രട്ടറി പി.എച്ച്. നാസര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അധ്യക്ഷത വഹിച്ചു. തോമസ് അക്കര, എം.എച്ച്. ഹനീഫ, എ.എ. ഫ്രാന്‍സിസ്, എം.എ. സജാദ്, ശ്യാം സാംസണ്, റെജി കേളമ്മാട്ട്, എന്‍. ഹബീബ്, ജയിംസ്കുട്ടി ഞാലിയില്‍, അന്‍സാരി ബാപ്പു എന്നിവര്‍ പ്രസംഗിച്ചു.