വിമൽജ്യോതിയുടെ മുപ്പതാമത്തെ വീട് വെഞ്ചരിച്ചു
1481629
Sunday, November 24, 2024 5:41 AM IST
കാഞ്ഞിരപ്പള്ളി: തിരുഹൃദയ സന്യാസസമൂഹത്തിന്റെ വിമലാ പ്രൊവിൻസിനു കീഴിലുള്ള വിമൽ ജ്യോതി സോഷ്യൽ സർവീസ് സൊസൈറ്റി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ആറു വർഷങ്ങളിലായി നിർമിച്ച് നൽകിയത് 30 വീടുകൾ. 30-ാമത്തെ വീടിന്റെ വെഞ്ചരിപ്പ് കഴിഞ്ഞദിവസം കമ്പംമെട്ടിൽ നടത്തി.
വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കാത്ത, സർക്കാർ-സർക്കാരിതര ഭവനസഹായം ലഭിക്കാൻ സാധ്യത കുറവുള്ള ആളുകളെ കണ്ടെത്തി കാഞ്ഞിരപ്പള്ളി വിമല പ്രൊവിൻസിലെ തിരുഹൃദയ സന്യാസ സമൂഹത്തിന്റെ കഠിനാധ്വാനത്തിൽ കഴിഞ്ഞ ആറു വർഷം കൊണ്ടു കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 30 വീടുകളാണ് നിർമിച്ചു നൽകിയത്.
കൂടാതെ തണൽ പദ്ധതി വഴി നിരവധി വീടുകളുടെ അറ്റകുറ്റപ്പണികൾക്കും വീടിന്റെ നിർമാണം പൂർത്തീകരിക്കുന്നതിനും സഹായങ്ങൾ നൽകിയിട്ടുണ്ട്.
വിവിധ പ്രോജക്ടുകളിലൂടെ വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മേരി ഫിലിപ്പ്, സോഷ്യൽ വർക്ക് കൗൺസിലർ സിസ്റ്റർ ലിസ്ബ ത്, സിസ്റ്റർ ട്രീസ അല്ലെസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.