രക്ഷയില്ലാതെ കണ്ണിമല; രാത്രിയിൽ ലോറി മറിഞ്ഞു, പകൽ ബസിടിച്ചു
1481643
Sunday, November 24, 2024 5:53 AM IST
എരുമേലി: ശബരിമല സീസണാകുമ്പോൾ അപകട മേഖലയായി മാറുന്ന പതിവിന് മാറ്റമില്ലാതെ കണ്ണിമല മഠംപടിയിലെ കുത്തിറക്കവും കൊടും വളവും. കഴിഞ്ഞ ദിവസം രാത്രി പത്തോടെ ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ഇതിനുശേഷം ഇതേ സ്ഥലത്ത് ഇന്നലെ ഉച്ചയ്ക്ക് ശബരിമല തീർഥാടകരുമായി വന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നു. ഈ അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല.
എരുമേലിയിലേക്ക് പച്ചക്കറിയുമായി വന്ന ലോറിയാണ് മറിഞ്ഞത്. നിസാര പരിക്കേറ്റ ഡ്രൈവറെയും സഹായിയെയും എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ ഉച്ചയോടെ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. നാട്ടുകാരും തീർഥാടകരും ചേർന്ന് ബസ് നീക്കി യാത്ര തുടരുകയായിരുന്നു.
മുൻകാല ശബരിമല സീസണുകളിലെ അപകടങ്ങളുടെ കണക്ക് പരിശോധിച്ചാൽ പമ്പാവാലിയിലെ കണമല ഇറക്കത്തിലും മുണ്ടക്കയം റോഡിലെ കണ്ണിമല ഇറക്കത്തിലുമാണ് അപകടങ്ങൾ ഏറെയും.
കണ്ണിമല ഇറക്കത്തിലെ വളവിൽ വാഹനങ്ങൾക്ക് ഗതിവേഗം കൂടുന്നതോടെ വളവിൽ തിരിയാനാകാതെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർവശത്തെ താഴ്ചയിലേക്ക് മറിയുന്ന നിലയിലായിരുന്നു മുൻകാലങ്ങളിൽ അപകടങ്ങൾ സംഭവിച്ചിരുന്നത്.
ഇതേത്തുടർന്ന് ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിച്ചതോടെ വാഹനങ്ങൾ മറിയുന്നത് കുറഞ്ഞിരുന്നെങ്കിലും അപകടങ്ങൾ കുറഞ്ഞില്ല. ക്രാഷ് ബാരിയർ തകർത്ത് ബസ് മറിഞ്ഞ അപകടവും ഇതിനിടെയുണ്ടായി.
ഇതോടെ ഇറക്കത്തിന്റെ തുടക്കത്തിൽ പോലീസ് കാവൽനിന്ന് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുകയും ക്രാഷ് ബാരിയറിൽ ഇടിച്ചാൽ ആഘാതം കുറയ്ക്കാൻ പഴയ ടയറുകൾ കൊണ്ട് സംരക്ഷണ കവചം സ്ഥാപിക്കുകയും ചെയ്തു. ഇതോടെ അപകടങ്ങൾ കുറഞ്ഞതായിരുന്നു.
എന്നാൽ ഇത്തവണ ശബരിമല സീസൺ ആരംഭിച്ചതോടെ വീണ്ടും അപകട മേഖലയായി മാറിയിരിക്കുകയാണ് കണ്ണിമല. പോലീസ് ഡ്യൂട്ടി ഈ ഭാഗത്ത് കൂടുതൽ ഏർപ്പെടുത്തി സുരക്ഷ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.