ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സ് സർവീസ് പരിമിതം
1481345
Saturday, November 23, 2024 5:37 AM IST
കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സ് സർവീസ് പരിമിതമായതായി പരാതി. രണ്ട് ആംബുലന്‍സുകളുള്ള ആശുപത്രിയില്‍ ഇപ്പോള്‍ ഒന്ന് മാത്രമാണ് ഓടാനുള്ളത്. ദിവസേന അഞ്ചിലധികം തവണ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഓടേണ്ട ആവശ്യം വരുന്ന ആശുപത്രിയിലാണ് നിലവില്‍ ഒരു ആംബുലന്‍സ് മാത്രമുള്ളത്.
രണ്ട് ആംബുലന്‍സ് ഉള്ളതിൽ ഒന്ന് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആംബുലന്‍സുകളുടെ തകരാർ പരിഹരിച്ച് പുറത്തിറക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് രോഗികളുടെ പരാതി. അടിയന്തര സാഹചര്യമുണ്ടായാല്‍ സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
പുതിയ കെട്ടിടത്തില്‍ ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ പഴയ കെട്ടിടത്തില്‍ തന്നെയാണ് ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വാര്‍ഡുകളിലേക്ക് മാറ്റുന്നതിനും ആംബുലന്‍സിന്റെ സേവനം ആവശ്യമാണ്. ആകെയുള്ള ഒരു ആംബുലന്‍സ് ഓട്ടം പോയാല്‍ രോഗികള്‍ സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കണം.