എഎംവിഐ സജു പി. ചന്ദ്രന് വിശിഷ്ടസേവ പുരസ്കാരം
1458744
Friday, October 4, 2024 2:58 AM IST
ചാരുംമൂട്: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ട്രാന്‍സ്പോര്‍ട്ട് മെഡലിന് മാവേലിക്കര സബ് ആര്‍ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സജു പി. ചന്ദ്രന് അര്‍ഹനായി. മോട്ടോര്‍ വാഹനവകുപ്പിന്റെ ബോധവത്കരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമ വീഡിയോകളിലൂടെ സുപരിചിതനായ ഉദ്യോഗസ്ഥനാണ് സജു പി. ചന്ദ്രന്. മോട്ടോര്‍ വാഹന നിയമങ്ങളെപ്പറ്റിയും വാഹനങ്ങളുടെ സാങ്കേതിക കാര്യങ്ങളെപ്പറ്റിയും നിരവധി ബോധവത്കരണ വീഡിയോകള്‍ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
2013ല്‍ ആലപ്പുഴ ആര്‍ടി ഓഫീസില്‍ സേവനം ആരംഭിച്ച ഇദ്ദേഹം പത്തനംതിട്ട തിരുവല്ല എന്നീ ആര്‍ടി ഓഫീസുകളില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ മാവേലിക്കര സബ് ആര്‍ടി ഓഫീസില്‍ സേവനമനുഷ്ഠിക്കവേയാണ് ഇക്കുറി ഇദ്ദേഹത്തിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
ലളിതമായ ശൈലിയിലൂടെ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്‍കിവരികയാണ്. ഇരുന്നൂറിലധികം റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ സജു പി. ചന്ദ്രന് നയിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം തവണയാണ് മാവേലിക്കര ആര്‍ടി ഓഫീസിലേക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ നേട്ടം എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് നിരവധി ഇദ്ദേഹത്തിന് സത് സേവന പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കരുവാറ്റ ചിറ്റക്കാട്ട് മേക്കതില്‍ പരേതനായ പ്രസന്നചന്ദ്രന്റെയും വസന്തയുടെയും മകനാണ് സജു പി ചന്ദ്രന്. ഭാര്യ: ആരതി കൃഷ്ണ. മകള്‍: സന്‍സിത.