മനുഷ്യച്ചങ്ങലയില്‍ അണിനിരന്ന് വിദ്യാര്‍ഥികള്‍
1458415
Wednesday, October 2, 2024 7:23 AM IST
എടത്വ: യുദ്ധ വിരുദ്ധ സമാധാന മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്ന് എടത്വ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി എടത്വ ജംഗ്ഷനിലെ ഗാന്ധി പ്രതിമയില്‍നിന്ന് ആരംഭിച്ച മനുഷ്യച്ചങ്ങല സെന്റ് മേരീസ് വിദ്യാലയം വരെ നീണ്ടു. യുദ്ധങ്ങള്‍ ഇല്ലാതാകട്ടെ. അനാഥ ബാല്യങ്ങള്‍ ഇല്ലാതാകട്ടെ, സമാധാനം പുലരട്ടെ എന്ന ആപ്തവാക്യവുമായിട്ടാണ് വിദ്യാര്‍ഥികള്‍ അണിനിരന്നത്. സമാധാന സന്ദേശ രണ്ടാം ദണ്ഡിയാത്രയുടെ പുനരാവിഷ്കാരവും ഗാന്ധി സ്മൃതിയും ഫ്ളാഷ് മോബും നടന്നു.
ഹെഡ്മിസ്ട്രസ് പ്രിയ ഫിലിപ്പ് ആമുഖപ്രഭാഷണം നടത്തി. അസിസ്റ്റന്റ് മാനേജര്‍ ഫാ. അനീഷ് കാമിച്ചേരി മുഖ്യ സന്ദേശം നല്കി. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് ഗാന്ധി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സ്കൂള്‍ ലീഡര്‍ എലിസബത്ത് വി.എസ്. യുദ്ധവിരുദ്ധ സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എടത്വ സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് രാജേഷ് എന്‍, എടത്വ ഗ്രാമപഞ്ചായത്ത് അംഗം ജയിന് മാത്യു, പിടിഎ പ്രസിഡന്റ് ജയന് ജോസഫ് പുന്നപ്ര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.സി. ജോസഫ്, പിടിഎ സെക്രട്ടറി സജീവ് കെ. തോമസ്, സ്റ്റാഫ് സെക്രട്ടറി മാത്യു ടോജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് എടത്വ വെട്ടുതോട് പാലത്തിലേക്ക് ശുചിത്വ വിളംബര ജാഥയും രണ്ടേകാല്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബാനര്‍ പ്രദര്‍ശനവും ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തില്‍ നടത്തി.