നെഹ്റു ട്രോഫി അന്തിമഫലത്തില്‍ അട്ടിമറിയെന്ന് ആരോപണം
1457940
Tuesday, October 1, 2024 4:26 AM IST
ആലപ്പുഴ: നെഹ്റു ട്രോഫി അന്തിമഫലത്തില്‍ രാഷ്ട്രീയപ്രേരിതമായ അട്ടിമറിയെന്ന് വീയപുരം ചുണ്ടന്‍വള്ളസമിതി, വില്ലേജ് ബോട്ട്ക്ലബ് (വിബിസി) കൈനകരി ഭാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഫൈനലില്‍ തുല്യതപാലിച്ച ചുണ്ടന്‍വള്ളങ്ങളെ പരിഗണിക്കാതെ ധൃതിപിടിച്ച് നെഹ്റു ട്രോഫി കൈമാറിയതില്‍ ദുരൂഹതയുണ്ട്. ഒരുവിഭാഗത്തെ വിജയിപ്പിക്കാന്‍ ഏകപക്ഷീയമായ ചില കാര്യങ്ങളാണ് നടന്നതെന്നും വള്ളസമിതി ആരോപിച്ചു.
ട്രാക്കിലേക്ക് ഇറങ്ങുന്നവരെ പിടികൂടാന്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ ഫൈനലിന് തൊട്ടുമുമ്പ് പിന്മാറി. ഇതിനു പിന്നാലെ ഫാന്‍സുകാര്‍ വെള്ളത്തിലിറങ്ങി ഫിനിഷിംഗ് ലൈനില്‍ സ്ഥാപിച്ച കവുങ്ങില്‍ പിടിച്ചുകിടന്ന് സ്ഥാനചലനമുണ്ടാക്കി. അവിടെ നാട്ടിയ കവുങ്ങ് തൂണുകള്‍ പലവണ്ണത്തിലുള്ളതാണ്. അതിനാല്‍ 0.5 മില്ലി മൈക്രോസെക്കൻഡിന് കാരിച്ചാല്‍ വിജയിയായി പ്രഖ്യാപിച്ച തീരുമാനം അംഗീകരിക്കില്ല.
സാധാരണ ചെറുവള്ളങ്ങളുടെ സമ്മാനദാനം കഴിഞ്ഞ് ഏറ്റവും അവസാനമാണ് നെഹ്റുട്രോഫി കൈമാറുന്നത്. അതിന് മുതിരാതെ സ്പീഡ് ബോട്ടില്‍ അതിവേഗം കപ്പ് എത്തിച്ച് കൈമാറിയതിലും ദുരൂഹതയുണ്ട്. വിജയിച്ച ക്ലബിന്റെ പ്രസിഡന്റ് എംഎല്‍എയുമായി അടുത്ത ബന്ധമുള്ളയാളാണ്. അതിനാല്‍ സ്റ്റാര്ട്ടര്മാരടക്കം പ്രവര്‍ത്തിച്ചത് ചിലരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണെന്നും വിബിസി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ഫൈനലില്‍ മത്സരിച്ച മറ്റു വള്ളങ്ങള്‍ക്കും പരാതിയുണ്ട്.
പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നമ്പര്പ്ലേറ്റായി ലഭിച്ചത് 20 ആണ്. മത്സരിക്കാന്‍ 19 ചുണ്ടന് വള്ളങ്ങള്‍ മാത്രമുള്ളപ്പോര് ഏങ്ങനെ 20 നമ്പര്‍ നല്‍കിയെന്ന് സംഘാടകര്‍ വ്യക്തമാക്കണം. നിലവില്‍ ടൈമിംഗ് നിയന്ത്രിച്ചത് സായിയിലെ പരിശീലകരാണ്. പിബിസി കോച്ചിന്റെ സുഹൃത്തുക്കളാണെന്നും പരാതിയിലുണ്ട്. പനത്തുഴ മാത്രമേ തുഴയാന്‍ പാടുള്ളുവെന്നാണ് നിബന്ധന. കാരിച്ചാല്‍ ചുണ്ടനില്‍ തടിത്തുഴ ഉപയോഗിച്ച് തുഴയുന്നവരുടെ വീഡിയോദൃശ്യങ്ങളുണ്ട്.
ചൊവ്വാഴ്ച കളക്ടറുമായി സംസാരിക്കും. നീതിനിഷേധമുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വള്ളസമിതിയും വിബിസിയും വ്യക്തമാക്കി.
വിജയിയെ തെറ്റായി പ്രഖ്യാപിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിബിസി കൈനകരി എന്‍ടിബിആര്‍ ചെര്‍മാനും ജില്ലാ കളക്ടറുമായ അലക്സ് വര്‍ഗീസിന് പരാതി നല്കി. വാര്‍ത്താസമ്മേളനത്തില്‍ വീയപുരം ചുണ്ടന് വള്ളസമിതിഭാരവാഹിളായ രാജീവ്, കെ.വി. രഘു, ബി.ജി. ജഗേഷ്, കെ.കെ. രാജേഷ്കുമാര്‍, ജോസ് പവ്വത്തില്‍, ക്യാപ്റ്റന്‍ പി.വി. മാത്യു, വിബിസി കൈനകരി പ്രസിഡന്റ് സി.ജി. വിജയപ്പന്, സെക്രട്ടറി സജു സെബാസ്റ്റിയന് എന്നിവര്‍ പങ്കെടുത്തു.