മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍
1458743
Friday, October 4, 2024 2:58 AM IST
എടത്വ: മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സ്കൂളിന്റെ ഹൈസ്കൂള്‍ വിഭാഗം 75 വര്‍ഷവും ഹയര്‍ സെക്കന്‍ഡറി വിഭാഗം 25 വര്‍ഷവും പിന്നിടുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
അഞ്ചിന് രാവിലെ 10ന് മുട്ടാര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടത്തുന്ന കൃതജ്ഞതാ ബലിയില്‍ സ്കൂളിന്റെ മുന്‍ മാനേജര്‍മാരും പൂര്‍വവിദ്യാര്‍ഥികളുമായ വൈദികര്‍, മുന്‍ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റേഴ്സ്, സിസ്റ്റേഴ്സ് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പൂര്‍വാധ്യാപക-അനധ്യാപക വിദ്യാര്‍ഥി സംഗമവും നടക്കും. 12ന് ജൂബിലി എക്സ്പോയും നടക്കും. 10 മുതല്‍ അഞ്ചുവരെ സാംസ്കാരികോത്സവം,
ശാസ്ത്രപ്രദര്‍ശനം, പുസ്തകമേള, ഭക്ഷ്യമേള, കാര്‍ഷികമേള, ഗാനമേള, സിനിമ പ്രദര്‍ശനം, രക്ഷാകര്‍തൃസമ്മേളനം എന്നിവയും രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മാജിക് ഷോയും നടക്കും. 18, 19 ദിവസങ്ങളില്‍ ഇന്റര്‍സ്കൂള്‍ ജൂബിലി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടക്കും.
25ന് ഇന്റര്‍ സ്കൂള്‍ ജൂബിലി ക്വിസ്-പ്രസംഗമത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. 2025 ജനുവരി 17ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നടത്തപ്പെടുന്ന ജൂബിലി സമ്മേളനത്തോടെ ജൂബിലിയാഘോഷ പരിപാടികള്‍ക്കു പരിസമാപ്തി കുറിക്കും.