വാടകയ്ക്കെടുത്ത കാറുകള്‍ പണയപ്പെടുത്തി പണം തട്ടിയ സംഭവം: പ്രതി കോടതിയില്‍ കീഴടങ്ങി
1457939
Tuesday, October 1, 2024 4:26 AM IST
കടുത്തുരുത്തി: റെന്റ് എ കാര്‍ വ്യവസ്ഥയില്‍ വാടകയ്ക്കെടുത്ത കാറുകള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. കല്ലറ കിഴക്കേതാന്നിക്കാലായില് കെ.വി. അജിമോന് (42) ആണ് ഇന്നലെ വൈക്കം കോടതിയില്‍ കീഴടങ്ങിയത്. കോടതിയില്‍ കീഴടങ്ങിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ കിട്ടുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചു.
കെ.വി. അജിമോനെതിരേ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, കുറവിലങ്ങാട്, കടുത്തുരുത്തി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അജിമോന് പണയപ്പെടുത്തിയ വാഹനങ്ങളില്‍ 14 എണ്ണം കേസ് അന്വേഷിക്കുന്ന കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 22നാണ് സംഭവം സംബന്ധിച്ചു പോലീസില്‍ പരാതികള്‍ ലഭിച്ചു തുടങ്ങിയത്. തുടർന്ന് അജിമോന് മൊബൈല്‍ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.
ഇയാളുമായി അടുപ്പമുള്ളവരെ പോലീസ് ചോദ്യം ചെയ്തു വരുന്പോഴാണ് നാടകീയ കീഴടങ്ങൽ. ഏറ്റുമാനൂര്‍-10, കുറവിലങ്ങാട്-അഞ്ച്, കടുത്തുരുത്തി-അഞ്ച്, ഗാന്ധിനഗര്‍-അഞ്ച് എന്നിങ്ങനെയാണ് നിലവില്‍ പരാതിപ്പെട്ടിട്ടുള്ളവരുടെ എണ്ണം. കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. കാര്‍ വാടകയ്ക്കു നല്‍കിയിട്ടുള്ള പലരും നാട്ടിലില്ലാത്തതിനാലാണ് പരാതി വൈകുന്നതെന്നു പറയുന്നു. സംഭവത്തെക്കുറിച്ചു പോലീസ് പറഞ്ഞത്: വര്‍ഷങ്ങളായി റെന്റ് എ കാര്‍ ബിസിനസ് നടത്തുന്നയാളാണ് അജിമോന്. പലരും ഇയാളെ വിശ്വസിച്ചു വാഹനം വാടകയ്ക്ക് നല്‍കിയിരുന്നു.
ഒരു മാസത്തിലധികമായി വാടകയ്ക്കെടുക്കുന്ന കാറുകളോ വാടകയോ ലഭിക്കാതെ വന്നതോടെ തിരക്കി വന്നപ്പോഴാണ് കാറുകള്‍ പലതും അജിമോന്റെ കൈവശം ഇല്ലെന്ന വിവരം ഉടമകള്‍ അറിയുന്നത്. വാഹനങ്ങള്‍ ഓട്ടത്തിലാണെന്നാണ് അജിമോന് ഉടമകളോടു പറഞ്ഞത്. ഇതേക്കുറിച്ച് ചിലർ നടത്തിയ അന്വേഷണത്തിലാണ് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി വാഹനം പണയപ്പെടുത്തി അജിമോന് പണമെടുത്തതായി അറിയുന്നത്. ഇന്നോവ, സിഫ്റ്റ്, കിയോ, വാഗണ്‍ ആര് തുടങ്ങിയ കാറുകളാണ് ഒന്നരലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള തുകയ്ക്ക് പണം വച്ചിരിക്കുന്നത്.