സൺഡേസ്കൂൾ അധ്യാപക, വിദ്യാർഥി സംഗമം നടന്നു
1458739
Friday, October 4, 2024 2:32 AM IST
മൈലപ്ര: വിശ്വാസത്തിന്റെയും സഭാ സ്നേഹത്തിന്റെയും വിശുദ്ധ തീർഥാടനമായി പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാകുന്ന വചനത്താൽ തുടക്കം കുറിക്കാൻ വചനവർഷത്തിൽ സൺഡേസ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും കഴിയണമെന്ന് ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത. മലങ്കര കത്തോലിക്കാ സഭയുടെ 2030ലെ ശതാബ്ദി ഒരുക്കമായി പ്രഖ്യാപിച്ച വചന വർഷത്തോടനുബന്ധിച്ച സൺഡേസ്കൂൾ അധ്യാപക, വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
സൺഡേസ്കൂൾ അധ്യാപകർ എന്ന നിലയിൽ ഭാവി തലമുറയെ ശക്തിപ്പെടുത്തുന്നതിന് ദൈവ വചനവുമായി ആഴത്തിലുള്ള ബന്ധമാണ് വളർത്തിയെടുക്കേണ്ടതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
രൂപതയിലെ നൂറ് ഇടവകകളിലെ അധ്യാപക, വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്തു. കൂരിയ ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് ക്ലാസ് നയിച്ചു. രുപത മതബോധന ഡയറക്ടർ ഫാ.റോബിൻ മനക്കലേത്ത് ആമുഖ പ്രഭാഷണം നടത്തി. ഫാ. ജോയൽ പവ്വത്ത്, ഫാ.ഡോ. സിജോ ജയിംസ് ചരിവുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
രൂപത സൺഡേസ്കൂൾ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ഫിലിപ്പ് ജോർജ് കൊച്ചുവിളയിൽ, 10,12 ക്ലാസുകളിൽ സഭാതല നേട്ടം കൈവരിച്ച വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.