ദേശീയപാത നിർമാണം തടസപ്പെട്ടാൽ നിർമാണ കമ്പനി കാരണക്കാരെന്ന്
1458544
Thursday, October 3, 2024 2:47 AM IST
അമ്പലപ്പുഴ: ദേശീയപാതയുടെ നിർമാണം തടസപ്പെട്ടാൽ ഉത്തരവാദി നിർമാണ കമ്പനിയും ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യയുമായിരിക്കുമെന്ന് എച്ച്. സലാം എംഎൽഎ. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടുകയും ദേശീയപാതയിലേക്ക് എത്തിച്ചേരുന്ന ബൈ റോഡുകൾ പലയിടങ്ങളിലും ജനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ ആവാത്ത സ്ഥിതിയുമാണ്.
ഈ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ലഭ്യമാക്കുന്നതിന് നിരവധി ഉദ്യോഗസ്ഥതല യോഗങ്ങൾ ചേർന്നിരുന്നു. എങ്കിലും പൂർണ പരിഹാരമയില്ല. ചിലയിടങ്ങൾ മാത്രമാണ് റോഡുകൾ സഞ്ചാരയോഗ്യമാക്കിയത്. കുടിവെള്ള പൈപ്പുകൾ പൊട്ടിയത് ഏറെക്കുറെ പരിഹരിച്ചെങ്കിലും പല സ്ഥലത്തും കുടിവെള്ളപ്രശ്നം പരിഹരിക്കപ്പെട്ടില്ല. ബൈറോഡുകൾ പലതും സഞ്ചാരയോഗ്യമാക്കിയിട്ടില്ല. നിർമാണ കമ്പനിയുടെയും നാഷണൽ ഹൈവേയുടെയും നിരുത്തരവാദിത്വം ജനങ്ങൾ സഹിക്കേണ്ടതില്ല.
കളക്ടർ ഇടപെട്ട് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് അടിയന്തിര പരിഹാരം കൈക്കൊണ്ടില്ലെങ്കിൽ റോഡ് നിർമാണം തടസപ്പെടും വിധത്തിലുള്ള സമരത്തിലേക്ക് പോകേണ്ടിവരുമെന്നും എച്ച്. സലാം എംഎൽഎ പറഞ്ഞു.