ആലപ്പുഴ ജനറല്‍ ആശുപത്രി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉദ്ഘാടനം ഇന്ന്
1458408
Wednesday, October 2, 2024 7:23 AM IST
ആലപ്പുഴ: നഗരസഭ അമൃത് പദ്ധതിയില്‍പ്പെടുത്തി ഒപി ബ്ലോക്ക്, 400 ഓളം കിടപ്പുരോഗികള്‍, മാനസിക രോഗാശുപത്രി, നഴ്സിംഗ് കോളജ് ക്വാര്‍ട്ടേഴ്സ് എന്നീ വിഭാഗങ്ങളില്‍നിന്നുള്ള ദ്രവമാലിന്യം സംസ്കരിക്കുന്നതിനായി നിര്‍മാണം പൂര്‍ത്തീകരിച്ച സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും.
രണ്ടിന് ആരംഭിച്ച് 2025 മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കുന്ന മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനങ്ങളുടെ ഭാഗമായാണ് ഹരിതകേരള മിഷന്റെ കൂടി സഹകരണത്തോടെ ജനറല്‍ ഹോസ്പിറ്റല്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
ഇലക്ട്രോ കൊയാഗുലേഷന്‍ (ഇ കിഡ്) സാങ്കേതിക വിദ്യയില്‍ 240 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്ലാന്റ് 3.05 കോടി രൂപയാണ് അമൃത് പദ്ധതിയില്‍പ്പെടുത്തി നഗരസഭ വകയിരുത്തിയിട്ടുള്ളത്. വേണാട് ഡിസൈനേഴ്സ് ആൻഡ് കോണ്‍ട്രാക്റ്റേഴ്സാണ് കരാര്‍ കമ്പനി.
ജലത്തിന്റെ ഗുണനിലവാരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുവദിച്ചിട്ടുള്ള പരിധിയില്‍ താഴെ വരുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഈ ജലം പുനരുപയോഗത്തിനായി ടോയ്ലറ്റ് ഫ്ളഷിങ്ങിന് ഉപയോഗിക്കുന്നതിനായി ഒരു അള്‍ട്രാ ഫില്‍റ്ററേഷന്‍ യൂണിറ്റ് കൂടി നഗരസഭ 50 ലക്ഷം രൂപ കൂടി വകയിരുത്തി സ്ഥാപിക്കും.
എച്ച്. സലാം എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംപി കെ.സി. വേണുഗോപാല്‍, എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്, ദലീമ ജോജോ, രമേശ് ചെന്നിത്തല, യു. പ്രതിഭ, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ സ്വാഗതംആശംസിക്കും.