40 വർഷം, ഒറ്റയാൾ പോരാട്ടവുമായി സുദർശനൻ ‘ഗാന്ധി’
1458407
Wednesday, October 2, 2024 7:23 AM IST
മാവേലിക്കര: നാല്പതുവർഷമായി ഒറ്റയാൾ പോരാട്ട വേദിയിൽ ഗാന്ധിയായി മാവേലിക്കര സുദർശനൻ. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളും അവരുടെ വികാരങ്ങളും അധികാരവർഗത്തിന്റെ മുന്നിലെത്തിക്കാൻ സുദർശനൻ കൂട്ടുപിടിച്ചതു ഗാന്ധിജിയേയായിരുന്നു. ഗാന്ധിവേഷമണിഞ്ഞു ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ചു.
അനുമോദനങ്ങൾ മാത്രമല്ല സുദർശനെ തേടിയെത്തിയത്. രാഷ്ട്രീയപാർട്ടികളുടെയും ലഹരിമാഫിയകളുടെ മർദനങ്ങളും അദ്ദേഹം ഏറ്റുവാങ്ങി. എങ്കിലും ഒരിടത്തും തളരാതെ അഴിമതിക്കെതിരേയും നീതിനിഷേധങ്ങൾക്കെതിരേയും അദ്ദേഹം പൊരുതി.
‘ഇനിയൊരു ഗാന്ധിക്ക് ഭാരതത്തില്‍ ജീവിക്കാന്‍ സാധിക്കില്ല’യെന്നാണ് സുദര്ശനന് പറയുന്നത്. സമാധാനത്തിന്റെ വഴിയെ ശക്തമായ ഒരു സമരം എന്നതു സ്വപ്നങ്ങളില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. ഇതുവരെ മുന്നൂറോളം ഗാന്ധിവേഷങ്ങളാണ് സാമൂഹിക വിഷയങ്ങളിലുള്ള പ്രതിഷേധമായി സുദര്ശനന് ചെയ്തിട്ടുള്ളത്.
ഒറ്റയാന് പ്രതിഷേധങ്ങളെ കേരളത്തിനു പരിചയപ്പെടുത്തിയ സുദര്ശനന് 1994 ഒക്ടോബര്‍ രണ്ടിനായിരുന്നു ആദ്യമായി ഗാന്ധിവേഷം അണിയുന്നത്. അന്നത്തെ ഗാന്ധിയിലേക്കുള്ള വേഷപകര്‍ച്ച ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായി മാറുമെന്ന് ഒരിക്കലും സുദര്ശനന് കരുതിയിരുന്നില്ല.
സ്വന്തം നാടായ മാവേലിക്കരയില്‍ തുടര്‍ച്ചയായി നടക്കുന്ന ബന്ത് ജനജീവിതം താറുമാറാക്കുന്നതിനെതിരേ നടത്തിയ ഗാന്ധി വേഷമണിഞ്ഞുള്ള ഒറ്റയാന് പ്രകടനവും അക്രമിക്കപ്പെട്ടു. പിന്നീട് സാമൂഹിക വിപത്തായ ലഹരിക്കെതിരെ നടത്തിയ ഗാന്ധി വേഷ പ്രകടനങ്ങള്‍ തിരുവല്ലയില്വച്ചും അക്രമിക്കപ്പെട്ടു.
പലപ്പോഴും ഇത്തരത്തില്‍ ഗാന്ധിവേഷത്തില്‍ നടത്തിയ പ്രകടനങ്ങളാണ് തനിക്കു നേരെ ഉണ്ടായിട്ടുള്ള കൂടുതല്‍ ആക്രമണങ്ങള്‍ക്കും കാരണമായിട്ടുള്ളതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. കൂടാതെ ആലപ്പുഴയിലും തിരുവന്തപുരത്തുമായി ഗാന്ധി വേഷത്തില്‍ പലതവണ പോലീസ് കസ്റ്റഡിയിലുമായിട്ടുണ്ട് ഈ ഒറ്റയാൾ സമരനായകന്.
ഓട്ടോറിക്ഷ തൊഴിലാളിയും നടനുമായ സുദർശനൻ സംവിധാന സഹായിയുമായിരുന്നു. 2019ലെ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം, 2013 ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ്, 2016ല്‍ ഫെലോഷിപ്പ് എന്നിവ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ലഹരി, റോഡ് പകടങ്ങള്‍, രാഷ്ട്രിയ കൊലപാതകങ്ങള്‍, അഴിമതി, കൈക്കൂലി, വിലക്കയറ്റം, സ്ത്രീ പീഡനം, മതമൈത്രി തുടങ്ങി ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ഗാന്ധി വേഷം കെട്ടി പദയാത്രയും സത്യാഗ്രഹവും ഗാന്ധി സമര ശൈലിയുമൊക്കെയായി സുദര്‍ശനന്റെ ഒറ്റയാൾ യാത്ര തുടരുകയാണ്.
യു.ആർ. മനു