മാരകായുധങ്ങളും വിദേശമദ്യവുമായി പിടിയില്‍
1458750
Friday, October 4, 2024 3:05 AM IST
ചേർത്തല: മാരകായുധങ്ങളുമായി വിദേശമദ്യം വില്പന നടത്തിയിരുന്ന യുവാവ് പിടിയില്‍. നഗരസഭ 29-ാം വാർഡ് കുരികയിൽചിറ അജിത്തി (39)നെയാണ് ചേർത്തല എക്സൈസ് പിടികൂടിയത്. അജിത്തിന്റെ പക്കൽനിന്നും നാല് ലിറ്റർ വിദേശമദ്യവും മാരകായുധങ്ങളായ കൊടുവാൾ, മഴു തുടങ്ങിയവയും പിടികൂടി.
ഗാന്ധി ജയന്തി ദിനത്തിൽ ഡ്രൈ ഡേ ലക്ഷ്യമാക്കി വൻതോതിൽ ഇയാൾ മദ്യം ശേഖരിച്ചിരിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. നാട്ടുകാർക്കും വഴിയാത്രക്കാർക്കും ഭീഷണിയായി മാരകായുധങ്ങൾ കാട്ടിയായിരുന്നു മദ്യവില്പന നടത്തിയിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഡി. മായാജി, പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ. ഗിരീഷ്കുമാർ, എൻ.പി. അരുൺ, ഡ്രൈവർ ഓസ്ബർട്ട് ജോസ് എന്നിവർ പങ്കെടുത്തു.