കൊല്ലം - തേനി ദേശീയപാത : ജനവാസ മേഖലയിലൂടെയുള്ള ബൈപാസ് നിർമണ നീക്കത്തിനെതിരേ പ്രതിഷേധം
1458867
Friday, October 4, 2024 5:43 AM IST
കുണ്ടറ: കൊല്ലം -തേനി ദേശീയപാതയ്ക്കായി ജനവസ കേന്ദ്രമായ പടപ്പക്കര -മുട്ടം -കൊച്ചുപ്ലാമുട് വഴി ബൈപാസ് നിർമിക്കാനുള്ള നീക്കത്തിനെതിരേ വീണ്ടും പ്രതിഷേധം.
ഇതിനെതിരേ രണ്ടു വർഷം മുൻപ് രൂപീകരിച്ച സേവ് മുട്ടം ആക്ഷൻ കൗൺസിലിന്റെപ്രവർത്തനം വീണ്ടും സജീവമായി. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കിഴക്കേ കല്ലട കോടവിള ജംഗ്ഷനിൽ പ്രതിഷേധ യോഗം നടന്നു. യോഗം ആക്ഷൻ കൗൺസിൽ പ്രസിഡന്റ് അഡ്വ. എം.എസ്. സജികുമാർ ഉദ്ഘാടനം ചെയ്തു.
കൺവീനറും പഞ്ചായത്ത് അംഗവുമായ ഷാജി മുട്ടം, രാധാമണി, സുജാത, സുശീലൻ, കുഞ്ഞുകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മൺറോ തുരുത്ത് പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ട്. അതിനെ അവഗണിച്ച് ജനവാസ കേന്ദ്രത്തിലൂടെ ബൈപ്പാസ് നിർമിക്കാനാണ് ശ്രമിക്കുന്നത്. അഞ്ചാംലുമൂട് -പെ രിനാട്-ഇളമ്പള്ളൂർ -ചിറ്റുമല വഴിയുള്ള റോഡ് വീതി കൂട്ടി ഹൈവേ നിർമിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
ബൈപാസ് നിർമാണവുമായി നീങ്ങിയാൽ സമരം ആരംഭിക്കുമെന്ന് ആക്ഷൻ കൗൺസിൽ നേതാക്കൾ മുന്നറിയിപ്പു നൽകി.