സഹോദയ സ്കൂൾ കലോത്സവം: ലേബർ ഇന്ത്യ ഒരുങ്ങി
1458742
Friday, October 4, 2024 2:58 AM IST
കുറവിലങ്ങാട്: അഞ്ച് ജില്ലകളിൽനിന്നുള്ള ആറായിരത്തിലേറെ ബാല്യകൗമാരങ്ങളുടെ കലാമികവിനാൽ സമ്പന്നമാകുന്ന സഹോദയ സ്കൂൾ കലോത്സവം സർഗസംഗമം 2024നെ വരവേൽക്കാൻ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം സ്കൂൾ ഒരുങ്ങി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽനിന്നുള്ള 6200 ലേറെ കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
സർഗസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ്, വർക്കിംഗ് പ്രസിഡന്റ് ഫാ. ഷിജു പറത്താനം, ജനറൽ സെക്രട്ടറി കെ.സി. കവിത, ട്രഷറർ ഫാ. ജോഷ് കാഞ്ഞൂപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
111 സ്കൂളുകളിൽനിന്നുള്ള പ്രതിഭകളാണ് 141 ഇനങ്ങളിലായി മാറ്റുരയ്ക്കുന്നതെന്ന് ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ വി.ജെ. ജോർജ് കുളങ്ങര, ജനറൽ കൺവീനറും ലേബർ ഇന്ത്യ പ്രിൻസിപ്പലുമായ സുജ കെ. ജോർജ്, സഹോദയ വൈസ് പ്രസിഡന്റ് ഫാ. പയസ് പായിക്കാട്ടുമറ്റത്തിൽ എന്നിവർ പറഞ്ഞു.
നാളെ രചനാ മത്സരങ്ങളോടെയാണ് സർഗസംഗമത്തിന് തുടക്കമാകുന്നത്. ഒൻപതിന് ഡിജിറ്റൽ മത്സരങ്ങൾ കോട്ടയം ലൂർദ് പബ്ലിക്ക് സ്കൂളിൽ നടക്കും. 17, 18, 19 തീയതികളിൽ ലേബർ ഇന്ത്യയിലാണ് നാട്യ,നടന ഇനങ്ങളടക്കം കാഴ്ചയുടെ പൂരം തീർക്കുന്ന പ്രധാന മത്സരങ്ങൾ.
കലോത്സവ ലോഗോയുടെ പ്രകാശനം ലേബർ ഇന്ത്യ ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ ജോർജ് കുളങ്ങര നിർവഹിച്ചു.
കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷത വഹിച്ചു. സർഗസംഗമം ജനറൽ കൺവീനറും ലേബർ ഇന്ത്യ പ്രിൻസിപ്പലുമായ സുജ കെ. ജോർജ്, ലേബർ ഇന്ത്യ സ്കൂൾ മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, കോട്ടയം സഹോദയ വർക്കിംഗ് പ്രസിഡന്റ് ലൂർദ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ഫാ. ഷിജു പറത്താനം,
കോട്ടയം സഹോദയ ജനറൽ സെക്രട്ടറിയും പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിർ പള്ളിക്കത്തോട് പ്രിൻസിപ്പലുമായ ആർ.സി. കവിത, സഹോദയ വൈസ് പ്രസിഡന്റും കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ഫാ. പയസ് ജോസഫ് പായിക്കാട്ടുമറ്റത്തിൽ, സഹോദയ ട്രഷററും പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലുമായ ഫാ. ജോഷ് കാഞ്ഞുപറമ്പിൽ, ഗുരുകുലം ഡയറക്ടർ ടിനു രാജേഷ് എന്നിവർ പ്രസംഗിച്ചു.