തകഴി റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി അടച്ചു
1458543
Thursday, October 3, 2024 2:47 AM IST
അമ്പലപ്പുഴ: അറ്റകുറ്റപ്പണി ആരംഭിച്ചതോടെ തകഴി റെയിൽവേ ഗേറ്റ് അടച്ചു. പാളത്തിന്റെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡിന്റെ ടാറിംഗ് ജോലികൾക്കായാണ് ഗേറ്റ് അടച്ചത്. ഇതോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
ആലപ്പുഴ, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ തകഴിയിൽ സർവീസ് അവസാനിപ്പിച്ചു. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് ഇതിലൂടെ കയറ്റി വിടുന്നത്. മറ്റ് വാഹനങ്ങൾ പടഹാരം റോഡിലൂടെയാണ് കടന്നു പോകുന്നത്.
കഴിഞ്ഞ മാസം 25, 26, 27 തീയതികളിൽ ഗേറ്റ് അറ്റകുറ്റപ്പണിക്കായി അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടാറിംഗ് ജോലികൾക്കായി വീണ്ടും 2 ദിവസത്തേക്ക് ഗേറ്റടച്ചത്. ബുധനാഴ്ച രാവിലെ 6 ന് ഗേറ്റ് അടയ്ക്കുമെന്നായിരുന്നു റെയിൽവെ അറിയിച്ചിരുന്നത്.
എന്നാൽ ഉച്ചയോടെയാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6ന് ഗേറ്റ് തുറന്നു കൊടുക്കുമെന്ന് റെയിൽവെ അറിയിച്ചു.