വീടു കുത്തിത്തുറന്ന് കവർച്ച; 28 പവനും പണവും നഷ്ടപ്പെട്ടു
1458540
Thursday, October 3, 2024 2:47 AM IST
കറ്റാനം: വീട്ടുകാർ സ്ഥലത്തില്ലാത്ത തക്കം നോക്കി വീടു കുത്തിത്തുറന്ന് കവർച്ച. 28 പവനും മുപ്പതിനായിരം രൂപയും അപഹരിച്ചു. കറ്റാനം ഭരണിക്കാവ് പള്ളിക്കൽ ചുങ്കത്തിൽ സുരേന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞദിവസം കവർച്ച നടന്നത്.
സുരേന്ദ്രനും കുടുംബവും രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പോയിരിക്കുകയായിരുന്നു.
മകനെ ബന്ധുവീട്ടിൽ ആക്കിയശേഷമാണ് ഇവർ പോയത്. വീട്ടിലെ വളർത്തു നായയ്ക്ക് ഭക്ഷണം നൽകാൻ സുരേന്ദ്രന്റെ മകൻ കഴിഞ്ഞദിവസം വീട്ടിലെത്തി വീട് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.
അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കുറത്തി കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി
കറ്റാനം: വീടു കുത്തിത്തുറന്ന് 28 പവനും മുപ്പതിനായിരം രൂപയും അപഹരിച്ച സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. നിരവധി സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. എന്നാൽ, തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചില്ല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും മോഷണം നടന്ന വീട്ടിൽ തെളിവെടുപ്പ് നടത്തി.
സമാനരീതിയിൽ മോഷണം നടത്തി ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മോഷണം നടന്ന കറ്റാനം ഭരണിക്കാവ് പള്ളിക്കൽ ചുങ്കത്തിൽ സുരേന്ദ്രന്റെ വീട്ടിൽ കഴിഞ്ഞദിവസം കുഞ്ഞിന്റെ പിറന്നാൾ ആഘോഷം നടന്നിരുന്നു. ഇതും പോലീസ് പരിശോധിക്കുന്നുണ്ട്.