ആല പഞ്ചായത്തിൽ ഇരുട്ടും മാലിന്യവും; പ്രതിഷേധം ശക്തമാകുന്നു
1458401
Wednesday, October 2, 2024 7:23 AM IST
ചെങ്ങന്നൂർ: ആല പഞ്ചായത്തിലെ വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല. തുകുഴി പാലം മുതൽ വേണാട്ട് പടിവരെയുള്ള വഴിവിളക്കുകളാണ് നാളുകളായി തെളിയാത്തത്. കാടു കയറിയ ഈ സ്ഥലത്ത് ഇഴജന്തുക്കളുടെ ശല്യം കാരണം രാത്രിയിൽ യാത്ര ദുഃസഹമായിരിക്കുകയാണ്. ഇരുട്ടിന്റെ മറവിൽ ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്.
മാലിന്യങ്ങൾ മൂലം തെരുവുനായ്ക്കൾ ഇവിടെ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. നായ്ക്കൾ മാലിന്യങ്ങൾ റോഡ് നിറയെ കടിച്ച് കീറി ഇടുന്നത് മൂലം ഇതുവഴി മൂക്കുപൊത്താതെ യാത്ര ചെയ്യുകയെന്നത് അസാധ്യമായിരിക്കുകയാണ്.
പഞ്ചായത്ത് അടിയന്തര നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ബിഎംഎസ് ആല പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു. മേഖല സെക്രട്ടറി ബിനുകുമാർ, ബിഎംഎസ് ആലാ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ്, സെക്രട്ടറി ബാബു, വൈസ്. പ്രസിഡന്റ് ബിനു കെ. പിള്ള എന്നിവർ പ്രസംഗിച്ചു.