എടിഎം കൗണ്ടറിലെ കവർച്ചാശ്രമം: അന്വേഷണം ഊർജിതമാക്കി
1458547
Thursday, October 3, 2024 2:47 AM IST
കായംകുളം: വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജംഗ്ഷനിൽ എസ്ബിഐയുടെ എടിഎമ്മിൽ ഉണ്ടായ കവർച്ചാശ്രമവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി. മെഷീൻ കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നതിനിടെ അലാം മുഴങ്ങിയതോടെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.
ഷർട്ടിനു പുറത്ത് ജാക്കറ്റും മുഖംമൂടിയും തൊപ്പിയും ധരിച്ച് സ്കൂട്ടറിലാണ് മോഷ്ടാവ് എത്തിയത്. ദൃശ്യങ്ങൾ എടിഎമ്മിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. അലാം മുഴങ്ങിയതിനൊപ്പം എസ്ബിഐയുടെ കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയും ചെയ്തു.
തുടർന്ന് വിവരം അറിഞ്ഞ് വള്ളികുന്നം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം അന്വേഷണം ഊർജിതമാക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
വർഷങ്ങൾക്കു മുമ്പും ഈ എടിഎമ്മിൽ കവർച്ചാശ്രമം നടന്നിരുന്നു. കുപ്രസിദ്ധ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പോലീസ് അന്വേഷണം നടത്തുന്നത്.