സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറില്ല; രോഗികള്‍ വലയുന്നു
1458545
Thursday, October 3, 2024 2:47 AM IST
എടത്വ: സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്സിജന്‍ സിലിണ്ടറില്ല. കടുത്ത ക്ഷാമത്തെതുടര്‍ന്ന് രോഗികള്‍ വലയുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടി എത്തുന്ന രോഗികളാണ് ഓക്സിജന്‍ സിലിണ്ടറിന്റെ അഭാവത്തില്‍ വലയുന്നത്. ജീവന് നിലനിര്‍ത്താന്‍ ഓക്സിജന്‍ സിലിണ്ടര്‍ അനിവാര്യമായ രോഗികളെ വീട്ടിലേക്ക് പറഞ്ഞുവിടുകയാണ്.
വീട്ടില്‍ സിലിണ്ടര്‍ സംഘടിപ്പിച്ച് ഉപയോഗിക്കാനോ അല്ലാത്ത പക്ഷം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനായാണ് നിര്‍ദ്ദേശം. സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. 16,000 മുതല്‍ മുകളിലോട്ട് സാധാരണ സിലിണ്ടറുകളും 30,000 ത്തിനു മുകളില്‍ ഓട്ടോമാറ്റിക് സിലിണ്ടറുകളും വാങ്ങി വീട്ടില്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
വീയപുരം സ്വദേശിയായ രോഗിയെ ആശുപത്രിയില്‍നിന്ന് പറഞ്ഞുവിട്ടപ്പോള്‍ കൈത്താങ്ങ് എന്ന സംഘടന ഒരു സിലിണ്ടര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഓച്ചിറയില്‍നിന്ന് ഒരു സിലിണ്ടര്‍ സംഘടിപ്പിച്ചാണ് രോഗിയുടെ ജീവന് നിലനിര്‍ത്തുന്നത്.
ശ്വാസ തടസത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴിയില്‍ രോഗി മരിച്ച സംഭവം വിയപുരത്ത് ഒന്നിലധികമുണ്ട്. വീയപുരം പഞ്ചായത്തിലെ സന്നദ്ധ സംഘടനകള്‍ സാധാരണക്കാരായ രോഗികള്‍ക്ക് ഓക്സിജന്‍ സിലിണ്ടര്‍ നല്‍കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.