നെഹ്റു ട്രോഫി: അന്തിമതീരുമാനം പരിശോധനയ്ക്കുശേഷം: കളക്ടര്‍
1458741
Friday, October 4, 2024 2:58 AM IST
ആലപ്പുഴ: നെഹ്റു ട്രോഫി ജലമേള മത്സരഫലം സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതിയില്‍ അന്തിമതീരുമാനം വിശദമായ പരിശോധനയ്ക്കുശേഷം എടുക്കുമെന്ന് ജില്ലാ കളക്ടറും എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍മാനുമായ അലക്സ് വര്‍ഗീസ് അറിയിച്ചു.
പരാതികള്‍ പരിഗണിക്കുന്നതിനായി എന്‍ടിബിആര്‍ 2024 ജൂറി ഓഫ് അപ്പീല്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആശാ സി. ഏബ്രഹാം, ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. വേണു, ജില്ലാ ലോ ഓഫീസര്‍ അഡ്വ. അനില്‍കുമാര്‍, എൻറ്റിബിആര് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി.കെ. സദാശിവന്, ചുണ്ടന്‍വള്ളം ഉടമ അസോസിയേഷന് പ്രസിഡന്റ് ആര്.കെ. കുറുപ്പ് എന്നിവര്‍ പങ്കെടുത്ത യോഗത്തിനുശേഷമാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
ഇന്ന് ചേര്‍ന്ന ജൂറി ഓഫ് അപ്പീല്‍ യോഗത്തില്‍ പരാതി കക്ഷികളെയും ബന്ധപ്പെട്ടവരെയും നേരില്‍ കേട്ടു. പരാതിക്കാരായ വില്ലേജ് ബോട്ട് ക്ലബ് പുതിയ വാദമുഖങ്ങള്‍ ഉയര്‍ത്തിയിട്ടുള്ള സാഹചര്യത്തിലും കുമരകം ടൗണ്‍ ബോട്ട് ക്ലബ് ചില രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ള സാഹചര്യത്തിലും വിഷയത്തില്‍ വിശദമായ പരിശോധന വേണമെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.
വിശദമായ പരിശോധനയ്ക്ക് ശേഷം തീരുമാനം അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.