യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് തകഴി റെയിൽവേ ഗേറ്റ് വീണ്ടുമടയ്ക്കുന്നു
1458418
Wednesday, October 2, 2024 7:23 AM IST
അന്പലപ്പുഴ: യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് തകഴി റെയിൽവേ ഗേറ്റ് വീണ്ടുമടയ്ക്കുന്നു. പ്രതിഷേധവുമായി യാത്രക്കാർ. അറ്റകുറ്റപ്പണിക്കായി ഇന്നു രാവിലെ ആറ് മുതൽ നാളെ വൈകിട്ട് ആറുവരെയാണ് ഗേറ്റ് വീണ്ടുമടയ്ക്കുന്നത്. കഴിഞ്ഞമാസം 25, 26, 27 തീയതികളിൽ അറ്റകുറ്റപ്പണിയുടെ പേരിൽ ഗേറ്റടച്ചതിന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് യാത്രക്കാർക്ക് ദുരിതം വിതച്ച് വീണ്ടും ഇതേ പേരിൽ ഗേറ്റടക്കുന്നത്.
ഇതോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ രണ്ടു ദിവസം യാത്രാ ക്ലേശം വർധിക്കുമെന്ന് ഉറപ്പായി. ഇപ്പോൾ റെയിൽപാളത്തിന്റെ ഇരുഭാഗത്തും ടാറിംഗില്ലാതെ മെറ്റിലുകൾ മാത്രമാണുള്ളത്. കൂടാതെ പാളത്തിന്റെ മധ്യത്തിൽ കൂറ്റൻ കല്ലുകൾ കിടക്കുന്നതുമൂലം വലിയ വാഹനങ്ങൾക്കു പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇരുചക്രവാഹനക്കാരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്.
കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകൾ ഉൾപ്പെടെ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റൂട്ടിനെ ആശ്രയിക്കുന്നത്. റെയിൽവേ ഗേറ്റ് തുടർച്ചയായി അടയ്ക്കുന്നതു മൂലം ആയിരങ്ങളാണ് യാത്രാദുരിതത്തിൽ വലയുന്നത്. ഗേറ്റടക്കുന്ന ദിവസങ്ങളിൽ കെഎസ്ആർടിസി ഈ റൂട്ടിൽ ദീർഘ ദൂര സർവീസുകൾ റദ്ദാക്കും. പകരം ആലപ്പുഴയിൽനിന്നും തിരുവല്ലയിൽനിന്നുമുള്ള ഓർഡിനറി ബസുകൾ തകഴി വരെ മാത്രമാണ് സർവീസ് നടത്തുക.
പ്രത്യേകിച്ചു രാവിലെയും വൈകിട്ടും വിദ്യാർഥികൾ, സർക്കാർ. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഏറ്റവും കൂടുതൽ വലയുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ അറ്റകുറ്റപ്പണിയുടെ പേര് പറഞ്ഞ് തകഴി റെയിൽവേ ഗേറ്റ് പല തവണയാണ് അടച്ചിട്ടത്. പതിവായി അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും ഇവിടത്തെ യാത്രാദുരിതത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
ആംബുലൻസുകൾ ഉൾപ്പെടെയുള്ളവ ഇവിടത്തെ യാത്രാ ദുരിതത്തിൽപ്പെട്ട് വലയുന്നത് പതിവാണ്. അറ്റകുറ്റപ്പണിയുടെ പേരിൽ നിരന്തരം റെയിൽവെ ഗേറ്റ് അടക്കുന്നതിനാൽ യാത്രാ ദുരിതത്തിന് പരിഹാരമായി ഇവിടെ മേൽപ്പാലം വേണമെന്ന ആവശ്യത്തിനു നേരെയും അധികൃതർ കണ്ണടക്കുകയാണ്.
അറ്റകുറ്റപ്പണിക്കിടെ റെയിൽവേ ഗേറ്റിന്റെ ക്രോസ് ബാർ പണിമുടക്കി
അമ്പലപ്പുഴ: അറ്റകുറ്റപ്പണിക്കിടെ റെയിൽവേ ഗേറ്റിന്റെ ക്രോസ് ബാർ പണിമുടക്കി. സിഗ്നൽ സംവിധാനം തകരാറിലായി. തകഴി റെയിൽവെ ഗേറ്റിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പാളത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഗേറ്റിലാണ് ഇതരസംസ്ഥാന തൊഴിലാളികൾ കുഴിയെടുത്ത് അറ്റകുറ്റപ്പണി നടത്തിയത്. ഈ സമയം ട്രെയിൻ വരുന്നതിനായി ഗേറ്റടച്ചു. ഇതിനിടെ ക്രോസ് ബാറിന്റെ ചുവട്ടിൽ കുഴിയെടുത്ത ഭാഗത്ത് മെറ്റിൽക്കഷണങ്ങൾ നിറഞ്ഞ് സിഗ്നൽ സംവിധാനം തകരാറിലാകുകയായിരുന്നു.
ഈ സമയം ഇരുഭാഗത്തേക്കുമായി രണ്ടു ട്രെയ്നുകൾ അൽപ്പ സമയത്തെ ഇടവേളയ്ക്കിടെ കടന്നുപോകുകയും ചെയ്തു. ഗേറ്റ് കീപ്പർ പച്ചക്കൊടി ഉപയോഗിച്ച് സിഗ്നൽ കാട്ടിയാണ് ട്രെയിനുകൾ കടത്തിവിട്ടത്. നൂറുകണക്കിനു വാഹനങ്ങളാണ് ഈ സമയം ഇരുവശത്തുമായി കിടന്നത്. പിന്നീട് അരമണിക്കൂറിനുശേഷം തകരാർ പരിഹരിച്ചതോടെ ഗേറ്റ് തുറന്നുകൊടുത്തു.