എംസിഎഫ് നാടിനു സമർപ്പിച്ചു
1458749
Friday, October 4, 2024 2:58 AM IST
തുറവൂര്‍: അരൂര്‍ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ എംസിഎഫ് (മെറ്റീരിയല്‍ കളക്റ്റിംഗ് ഫസിലിറ്റി) കൃഷിമന്ത്രി പി. പ്രസാദ് നാടിന് സമര്‍പ്പിച്ചു. അരൂര്‍ എംഎല്‍എ ദലീമാ ജോജോ അധ്യക്ഷയായി. പ്രദേശവാസികളുടെ സംശയങ്ങളെ ദൂരീകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
2023 നവംബറില്‍ കല്ലിട്ട പദ്ധതി ശുചിത്വ മിഷന്റെ നിര്‍ദേശം അനുസരിച്ചാണ് പ്ലാന്റ് നിര്മിച്ചിട്ടുളത്. നാല്പത് സെന്റ് സ്ഥലത്ത് 2800 ചതുരശ്ര അടി കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. ശുചിത്വ മിഷന്റെ 35 ലക്ഷവും പഞ്ചായത്തിന്റെ 15 ലക്ഷവും ചേര്‍ത്ത് 50 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഇരുപതാം വാര്‍ഡിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകറ്റാനായി അത്യാധുനിക അഗ്നിശമന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരിമിതമായ സൗകര്യങ്ങളോടെ വാടകക്കെട്ടിടത്തിലാണ് മാലിന്യസംസ്കരണപ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ലഭിക്കുന്ന പ്ലാസ്റ്റിക് തരംതിരിച്ച് പൊടിച്ച് ഗ്രീന്‍ കേരളയ്ക്ക് കൈമാറുകയാണ് ലക്ഷ്യം.
രാഖി ആന്റണി, വൈസ് പ്രസിഡന്റ് ഇ.ഇ. ഇഷാദ് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് നൗഷാദ് കുന്നേല്‍, മുന്‍ വൈസ് പ്രസിഡന്റ് എം.പി. ബിജു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അമ്പിളി ഷിബു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സീനത്ത് ഷിഹാബുദ്ദീന്, പഞ്ചായത്തംഗങ്ങളായ എ.എ. അക്സ്, ഉദയകുമാര്‍, കവിത ശരവണന് ഒ.കെ. മോഹനന്, പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഛായ എന്നിവര്‍ പങ്കെടുത്തു.