ഇഎസ്ഐ ബില്ലിംഗ് തകരാര്‍ പരിഹരിക്കണം: കെ.സി. വേണുഗോപാല്‍ എംപി
1458751
Friday, October 4, 2024 3:05 AM IST
അമ്പലപ്പുഴ: രാജ്യത്തെ ഇഎസ്ഐ ആശുപത്രികളിലെ ബില്ലിംഗ് വെബ്സൈറ്റിലെ തകരാര്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയ്ക്ക് കെ. സി വേണുഗോപാല്‍ എംപി കത്തു നല്കി.
യുറ്റിഐഐറ്റിഎസ്എലിന്റെ നിയന്ത്രണത്തിലുള്ള ഇഎസ്ഐസിയുടെ ബില്ലിംഗ് വെബ്സൈറ്റ് ഒരാഴ്ച കാലമായി പ്രവര്‍ത്തനരഹിതമാണ്. ഇതേത്തുടര്‍ന്ന് ഇഎസ്ഐ സ്കീമിന് കീഴില്‍ ലഭിക്കുന്ന സേവനങ്ങളില്‍ തടസങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇഎസ്ഐ ആശുപത്രികളിലും എംപാനല്‍ ചെയ്ത ആശുപത്രികളിലും രോഗികള്‍ ചികിത്സയ്ക്കും മറ്റ് പരിശോധനയ്ക്കും പണമടയ്ക്കേണ്ട അവസ്ഥയിലാണെന്ന വസ്തുത കെ.സി വേണുഗോപാല്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ബില്ലിംഗ് വെബ്സൈറ്റ് വഴി ഇഎസ്ഐ ഫണ്ടില്‍നിന്ന് ചികിത്സാ ചെലവുകള്‍ നേരിട്ട് ആശുപത്രികളിലേക്കു മാറ്റുന്നതാണ് സാധാരണ നടപടിക്രമം. എന്നാല്‍, നിലവിലെ തകരാര്‍ മൂലം ഈ സംവിധാനം പ്രവര്‍ത്തനരഹിതമായതോടെ ചികിത്സ യ്ക്ക് സ്വന്തം കയ്യില്‍നിന്ന് പണം നല്‍കേണ്ട ഗതികേടിലാണ് ഇഎസ്ഐ ഗുണഭോക്താക്കളെന്ന് കെ.സി. വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, യുറ്റിഐഐറ്റിഎസ്എല് ബില്ലിംഗ് വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ വേണുഗോപാല്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു. ഗുണഭോക്താക്കള്‍ക്ക് ഇഎസ്ഐ നിയമത്തിന് കീഴില്‍ അര്‍ഹതപ്പെട്ട അവശ്യ ആരോഗ്യ സേവനങ്ങളിലേക്കും ആനുകൂല്യങ്ങളിലേക്കുമുള്ള ആക്സസ് തിരികെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
വെബ്സൈറ്റിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനും കൂടുതല്‍ പ്രയാസങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ഉണ്ടാവാതിരിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.