മാന്നാർ: തെങ്ങ് വെട്ടുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഇരമത്തൂർ സൂര്യക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന വെസ്റ്റ് ബംഗാൾ മാർട്ട സ്വദേശി അസ്തിക് ബർമാ (34)ണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് അപകടം ഉണ്ടായത്.
ചെന്നിത്തല നാലാം വാർഡിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ തെങ്ങ് വെട്ടുന്നതിനായി മുകളിൽ കയറി മുറി ഇടുന്നതിനിടയിൽ തെങ്ങ് ഇളകി മുഴുവനായി താഴേക്ക് വീഴുകയായിരുന്നു. മുകളിൽനിന്ന് താഴെവീണ് തലയ്ക്കു ഗുരുതരമായ പരിക്കേറ്റ ഇയാളെ പരുമല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാന്നാർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.