മൈക്രോ ഫിനാൻസ് തട്ടിപ്പ്: വഞ്ചിതരായവരുടെ മാർച്ചും ധർണയും
1457941
Tuesday, October 1, 2024 4:26 AM IST
ചേർത്തല: ചേർത്തല എസ്എൻഡിപി യൂണിയനിൽ 4.42 കോടി രൂപയുടെ മൈക്രോ ഫിനാൻസ് തട്ടിപ്പിനു നേതൃത്വം നൽകിയ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുക, മൈക്രോ ഫിനാൻസ് തട്ടിപ്പിനു വിധേയരായി കിടപ്പാടം ജപ്തിയിലായവരുടെ പണം പലിശ സഹിതം തിരിച്ചുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എൻഡിപി സംരക്ഷണ സമിതി ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ വഞ്ചിതരായവരുടെ മാർച്ചും ധർണയും സംഘടിപ്പിച്ചു.
ചേർത്തല ദേവീക്ഷേത്രത്തിനു മുൻവശത്തുനിന്നും തുടങ്ങിയ മാർച്ച് എസ്എൻഡിപി യൂണിയനു സമീപം പോലീസ് തടഞ്ഞു. തുടർന്ന് നടന്ന സമ്മേളനം സംരക്ഷണസമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനൻ ഉദ്ഘാടനം ചെയ്തു. ചേർത്തല എസ്എൻഡിപി യൂണിയൻ ചേർത്തലയിൽ മാത്രം മൈക്രോ ഫിനാൻസ് വായ്പ കൈപ്പറ്റിയ 102 യൂണിറ്റുകളിലെ 200 ഓളം അംഗങ്ങൾ കൃത്യമായി പണം തിരിച്ചടച്ചിട്ടും ബാങ്ക് ലോണിൽ പണം അടയ്ക്കാതെ നേതൃത്വം പണാപഹരണം നടത്തിയെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.
ഇതുമൂലം അനവധി വീടുകൾ ബാങ്ക്, റവന്യു റിക്കവറി നടപടിയിലാണ്. യോഗം ജനറൽ സെക്രട്ടറി, യൂണിയൻ അഡ്മിനിസ്ട്രേറ്റർ, ചേർത്തല പോലീസ് തുടങ്ങിയ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് വഞ്ചിക്കപ്പെട്ട അംഗങ്ങൾ നൽകിയ പരാതികളിൽ പരിഹാരം ഉണ്ടാക്കാതെ പാവപ്പെട്ട സമുദായ അംഗങ്ങളെ പറ്റിക്കുന്ന നടപടിയാണ് വെള്ളാപ്പള്ളിയും മകൻ തുഷാർ വെള്ളാപ്പള്ളിയും ചെയ്യുന്നതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
സംരക്ഷണസമിതി വർക്കിംഗ് ചെയർമാൻ പി.എസ്. രാജീവ്, ജനറൽ സെക്രട്ടറി എം.വി. പരമേശരൻ, പ്രസിഡന്റ് ഷൈജു അരവിന്ദ്, ജനറൽ കൺവീനർ കെ.എസ്. ഷിബുലാൽ, ജില്ലാ ചെയർമാൻ എ.ആർ. രാജേന്ദ്രൻ, ജില്ലാ കൺവീനർ കെ.റ്റി. രാജപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി. സുരേഷ്കുമാർ, സി.എൻ. നിഷാന്ത് എന്നിവർ പ്രസംഗി ച്ചു.
പ്രതിഷേധം യോഗത്തെ നശിപ്പിക്കാന്
ചേർത്തല: മൈക്രോഫിനാൻസ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചേർത്തല യൂണിയനിലേക്ക് നടത്തിയ സമരം വ്യക്തിവിരോധം തീർക്കുന്നതിനുമാത്രമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശത്തെത്തുടർന്ന് അന്തിമഘട്ടത്തിലായ പ്രശ്നപരിഹാരം അട്ടിമറിക്കുന്നതിനുള്ള നീക്കം മാത്രമാണ് സമരത്തിനു പിന്നിലെന്നും യൂണിയൻ അങ്കണത്തിൽ ചേർന്ന ശാഖായോഗം ഭാരവാഹികളുടെ കൂട്ടായ്മ ആരോപിച്ചു.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശത്തെത്തുടർന്ന് ചേർത്തല യൂണിയൻ ബാങ്കുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എത്തി പ്രശ്നപരിഹാരം നടത്തിയത് അംഗങ്ങളെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു.
ശ്രീനാരായണ വിശ്വധർമ്മ ഗുരുക്ഷേത്രസന്നിധിയിൽ നടന്ന കൂട്ടായ്മ യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്തു. ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ അധ്യക്ഷത വഹിച്ചു.